ഷാംലിയിൽ നിന്നും മീററ്റിൽ നിന്നുമാണ് വരന്മാർ തങ്ങളുടെ ബന്ധുക്കളോടൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെൺകുട്ടിയുമായി തങ്ങളുടെ വിവാഹമാണ് ഉറപ്പിച്ചതെന്ന് രണ്ട് പക്ഷവും അവകാശപ്പെട്ടതോടെ തർക്കം രൂക്ഷമായി. തുടർന്ന് ഗ്രാമവാസികളിലൊരാൾ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വിവാഹം ആറുമാസം മുൻപ് ഷാംലി സ്വദേശിയായ പ്രദീപ് കുമാറുമായി നിശ്ചയിച്ചതായിരുന്നു. എന്നാൽ വിവാഹത്തിന് തൊട്ടുതലേന്ന് പ്രദീപിന്റെ സഹോദരൻ മരിച്ചു. സഹോദരന്റെ മരണത്തെത്തുടർന്ന് വിവാഹം നടക്കുമോ എന്ന കാര്യത്തിൽ പ്രദീപിന്റെ കുടുംബം വ്യക്തമായ മറുപടി നൽകാത്തതിനെത്തുടർന്ന് പെൺകുട്ടിയുടെ പിതാവ് തിങ്കളാഴ്ച വൈകുന്നേരം മീററ്റ് സ്വദേശിയായ ആകാശുമായി വിവാഹം ഉറപ്പിച്ചു. എന്നാൽ ചൊവ്വാഴ്ച രണ്ട് പേരും വിവാഹസംഘവുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയതാണ് സംഘർഷത്തിന് കാരണമായത്.
advertisement
സംഭവസ്ഥലത്തെത്തിയ പോലീസ് സംഘവും ചൈൽഡ് ഹെൽപ്‌ലൈൻ ഉദ്യോഗസ്ഥരും പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും കുടുംബത്തിന് അത് ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് പെൺകുട്ടിയെ 'വൺ സ്റ്റോപ്പ് സെന്ററിലേക്ക്' മാറ്റി. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് ഉറപ്പുവരുത്താൻ വൈദ്യപരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ പെൺകുട്ടിയെ ഹാജരാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഖതൗലി എസ്എച്ച്ഒ ദിനേഷ് ചന്ദ് വ്യക്തമാക്കി.
