സസ്‌പെൻഷനിലായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെയുള്ള എട്ട് എംപിമാരുടെ പ്രതിഷേധത്തിന് അഭിവാദ്യം അർപ്പിക്കാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ഈ സമയം അതുവഴി കടന്നുപോയ ബിട്ടു, എംപിമാരുടെ പ്രതിഷേധത്തെ നോക്കി "യുദ്ധം ജയിച്ചവരെപ്പോലെയാണ് ഇവർ ഇരിക്കുന്നത്" എന്ന് പരിഹസിച്ചു. ഇതോടെയാണ് രാഹുൽ ഗാന്ധി ക്ഷുഭിതനായത്.
"ഇതാ ഒരു ചതിയൻ നടന്നു വരുന്നു, അയാളുടെ മുഖത്തേക്ക് നോക്കൂ" എന്ന് വിരൽ ചൂണ്ടി രാഹുൽ ഗാന്ധി പറഞ്ഞതോടെ മറ്റ് കോൺഗ്രസ് എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് രാഹുൽ ഗാന്ധി കൈനീട്ടി ബിട്ടുവിനെ ഹസ്തദാനത്തിന് ക്ഷണിച്ചു. "ഹലോ സഹോദരാ, ചതിയനായ സുഹൃത്തേ, വിഷമിക്കേണ്ട നിങ്ങൾ ഇങ്ങോട്ടുതന്നെ (കോൺഗ്രസ്) തിരിച്ചു വരും" എന്ന് രാഹുൽ പറഞ്ഞു.
advertisement
എന്നാൽ രാഹുലിന്റെ കൈ പിടിക്കാൻ ബിട്ടു വിസമ്മതിച്ചു. "നിങ്ങൾ രാജ്യത്തിന്റെ ശത്രുവാണ്. സൈന്യത്തെയും രാജ്യത്തെയും കുറിച്ച് മോശമായി സംസാരിക്കുന്ന ദേശദ്രോഹികളാണ് നിങ്ങൾ. സിഖ് വംശഹത്യക്ക് ഉത്തരവാദികളായ ഗാന്ധി കുടുംബത്തിലെ ഒരാൾക്ക് ഒരു സർദാർ ഒരിക്കലും കൈ നൽകില്ല" എന്ന് ബിട്ടു ആഞ്ഞടിച്ചു.
പഞ്ചാബ് മുൻ മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിന്റെ ചെറുമകനായ രവ്‌നീത് ബിട്ടു, 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. മുൻപ് കോൺഗ്രസ് സഭാ കക്ഷി നേതാവായിരുന്ന ബിട്ടു നിലവിൽ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമാണ്.
ഇരുവരും തമ്മിലുള്ള വാക്‌പോരിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
