പ്രയാഗ്‌രാജ് സ്വദേശിയായ സുമിത് കേശർവാനിയും വധുവും നേരത്തെ പ്രണയത്തിലായിരുന്നു. ഇവർ കാൺപൂരിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് മുൻപ് വിവാഹിതരായെങ്കിലും, കുടുംബങ്ങൾ തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ ഔപചാരികമായി ചടങ്ങുകളോടെ വീണ്ടും വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഖഗ കോട്‌വാലിയിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകിട്ട് മാലയിടൽ ചടങ്ങുകൾ ഉൾപ്പെടെയുള്ളവ സമാധാനപരമായി പൂർത്തിയായി.
വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ വിവാഹ വേദിയിൽ ആഭരണ പൂജ നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വധുവിന്റെ കുടുംബം വിവാഹ സ്ഥലത്തേക്ക് കൊണ്ടുവന്ന വളർത്തുനായ ഈ സമയം നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ വരന്റെ ഭാഗത്തുനിന്നുള്ള ഒരു യുവാവ് നായയെ തല്ലിയതാണ് തർക്കത്തിന് കാരണമായത്.
advertisement
നായയെ തല്ലിയത് ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കം രൂക്ഷമാവുകയും വടിയും കസേരകളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിലേക്ക് മാറുകയും ചെയ്തു. സംഘർഷത്തിൽ വധുവിന്റെ ബന്ധുക്കളായ ശുഭം ഗുപ്ത, ഋഷഭ് കേസർവാനി, സംഗീത ദേവി എന്നിവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. വരന്റെ ഭാഗത്തുള്ള ചിലർക്കും നിസ്സാര പരിക്കേറ്റു.
അക്രമം രൂക്ഷമായതോടെ അതിഥികൾ ഭയന്നോടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇടപെട്ട് സ്ഥിതി ശാന്തമാക്കിയെങ്കിലും തുടർചടങ്ങുകൾ നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റവരെ സെൻട്രൽ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വധുവിന്റെ വീട്ടുകാർ പ്രയാഗ്‌രാജിലേക്ക് മടങ്ങി.
