”ഭാവിയെക്കുറിച്ചോ സുസ്ഥിരതയെക്കുറിച്ചോ വളർച്ചയെക്കുറിച്ചോ വികസനത്തെക്കുറിച്ചോ ഉള്ള ഒരു ചർച്ചയും ഊർജത്തെക്കുറിച്ചു സംസാരിക്കാതെ പൂർത്തിയാകില്ല. വ്യക്തികൾ മുതൽ രാജ്യങ്ങൾ വരെയുള്ള എല്ലാ തലങ്ങളിലുമുള്ള വികസനത്തെ അത് സ്വാധീനിക്കുന്നു”, മോദി പറഞ്ഞു,
140 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള സൗരോർജ്ജ ഗ്രിഡ് (global solar grid) 2021 നവംബറിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയിരുന്നു. ഇത് സൗരോർജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വലിയ ചുവടുവെയ്പായിരുന്നു. ഇന്ത്യ മുന്നോട്ടു വെച്ച ഏറ്റവും വലിയ പുനരുപയോഗ പദ്ധതികളിൽ ഒന്നു കൂടിയാണിത്.
advertisement
Also read-സീറ്റ്-ഷെയറിങ്ങ് മോഡൽ’ അല്ല, 2024ൽ INDIA ക്ക് വേണ്ടത് ‘കൗണ്ടർ മോദി മോഡൽ’
”ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്നത് ഒരു വലിയ ആശയമാണ്. ലോകത്തിനു മുഴുവനും ശുദ്ധവും ഹരിതവുമായ ഭാവി ഉണ്ടാകണമെങ്കിൽ, പരസ്പരബന്ധിതമായ ഇത്തരം അന്തർദേശീയ ഗ്രിഡുകൾ ഉണ്ടാകണം”, ഗ്ലാസ്‌ഗോയിലെ തന്റെ പ്രസംഗത്തിനിടെ മോദി പറഞ്ഞു.
എന്താണ് ഇന്ത്യ മുന്നോട്ടു വെച്ച ഈ ആശയം എന്ന് വിശദമായി മനസിലാക്കാം.
ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്നത് ആഗോളതലത്തിൽ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള സോളാർ പവർ ഗ്രിഡുകളുടെ ആദ്യ അന്താരാഷ്ട്ര ശൃംഖലയാണ്. വൻതോതിലുള്ള സോളാർ പവർ പ്ലാന്റുകൾ, കാറ്റാടി ഫാമുകൾ, ഗ്രിഡുകൾ എന്നിവയെ സമന്വയിപ്പിക്കുകയും റൂഫ്‌ടോപ്പ് സോളാർ, കമ്മ്യൂണിറ്റി ഗ്രിഡുകൾ എന്നിവയെല്ലാം ഉപയോഗിച്ച് എല്ലാവർക്കും സ്ഥിരവും വിശ്വസനീയവും ശുദ്ധവുമായ ഊർജം ഉറപ്പു നൽകുകയും ചെയ്യുന്നു. ‘സൂര്യൻ ഒരിക്കലും അസ്തമിക്കുന്നില്ല’ എന്നതാണ് ഈ പദ്ധതിയുടെ മുദ്രാവാക്യം.
ഇന്റർനാഷണൽ സോളാർ അലയൻസ് (ഐഎസ്എ), ലോക ബാങ്ക് എന്നിവരുമായി സഹകരിച്ച് ഇന്ത്യയിലെയും, യുകെയിലെയും സർക്കാരുകളാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ലോക രാജ്യങ്ങൾക്ക് ആവശ്യമായ പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ, വിവിധ സർക്കാരുകൾ, അന്താരാഷ്ട്ര സാമ്പത്തിക സംഘടനകൾ, സാങ്കേതിക സംഘടനകൾ, നിയമനിർമാതാക്കൾ, പവർ സിസ്റ്റം ഓപ്പറേറ്റർമാർ, എന്നിവരെല്ലാം ചേർന്ന ആഗോള കൂട്ടായ്മയും രൂപീകരിക്കും.
പദ്ധതിയുടെ ലക്ഷ്യം
2018 അവസാനത്തോടെയാണ് ഐഎസ്എയുടെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ഒരൊറ്റ ആഗോള സോളാർ ഗ്രിഡ് എന്ന ആശയം അവതരിപ്പിച്ചത്. വിവിധ മേഖലകൾ, സീസണുകൾ, വിഭവങ്ങൾ, ചെലവുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഇന്റർ-റീജിയണൽ എനർജി സിസ്റ്റങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. കൂടാതെ പരിസ്ഥിതി സൗഹൃദമായ ഊർജ വിഭവങ്ങളെ ആശ്രയിക്കാൻ കൂടുതൽ രാജ്യങ്ങളെ പദ്ധതി പ്രേരിപ്പിക്കും.
കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും, നൂതന സൗരോർജ്ജ പദ്ധതികൾ നടപ്പിലാക്കുന്നതിനും, ഇതിനായി വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഒരുമിച്ചുകൂട്ടാനും ഈ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായും ഐഎസ്എ വെബ്സൈറ്റിൽ പറയുന്നു.