സ്ഥാനാര്‍ത്ഥികള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ നാല് ഘട്ടത്തില്‍ ഏകദേശം 5900 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനായി മുന്നോട്ട് വന്നിരുന്നത്. എന്നാല്‍ 1951-52ല്‍ നടന്ന ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ വെറും 1874 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അതായത് ഇക്കാലയളവില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 8039 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് ദൈര്‍ഘ്യം
1980ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വെറും നാല് ദിവസമാണ് നീണ്ടുനിന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് 2024ലേത്. 44 ദിവസം നീണ്ടുനില്‍ക്കുന്ന ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 7 ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. 1951ലെ ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പാണ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പായി കണക്കാക്കുന്നത്. 4 മാസം കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.
advertisement
സ്ഥാനാര്‍ത്ഥികളുടെ സെക്യുരിറ്റി ഡെപ്പോസിറ്റ്
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നിശ്ചിത തുക കെട്ടിവെയ്‌ക്കേണ്ടതുണ്ട്. സ്വന്തം മണ്ഡലത്തില്‍ സാധുവായ വോട്ടിന്റെ ആറിലൊന്ന് ശതമാനം വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് കെട്ടിവെച്ച പണം തിരികെ ലഭിക്കുന്നതുമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി 25000 രൂപയാണ് സെക്യുരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി 12,500 രൂപ ആണ് കെട്ടിവെയ്‌ക്കേണ്ടത്. 2019ലെ തെരഞ്ഞെടുപ്പില്‍ 86 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച തുക പോലും തിരിച്ചുപിടിക്കാനായില്ല.
പോളിംഗ് ബൂത്തിലേക്കുള്ള ദൂരം
വോട്ടര്‍മാരുടെ വീട്ടില്‍ നിന്നും ശരാശരി രണ്ട് കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ പോളിംഗ് ബൂത്ത് ക്രമീകരിക്കുന്ന രീതിയാണ് നിലവില്‍ പിന്തുടര്‍ന്നു പോരുന്നത്. ഓരോ ബൂത്തിലും ശരാശരി 1500 വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
2024ലെ തെരഞ്ഞെടുപ്പിനായി രാജ്യത്തുടനീളം 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിച്ചിരിക്കുന്നത്.
വോട്ടിംഗിനായുള്ള മഷി
നിലവിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി 2.65 മില്യണ്‍ മഷി കുപ്പികളാണ് രാജ്യത്തുടനീളമുള്ള ബൂത്തുകളിലെത്തിയത്. വ്യാജ വോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് മഷി ഉപയോഗിക്കുന്നത്. വോട്ട് ചെയ്ത ശേഷം വോട്ടര്‍മാരുടെ ഇടതുകൈയ്യിലെ ചൂണ്ടുവിരലിലാണ് മഷി പതിപ്പിക്കുക. മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡാണ് വോട്ടിംഗ് മഷിയുടെ പ്രധാന വിതരണക്കാര്‍.
