മാധവി ലതയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഡ്യൂട്ടിയ്‌ക്കെത്തിയതായിരുന്നു വനിത എഎസ്‌ഐ. ഇവര്‍ മാധവിയുടെ അടുത്തേക്ക് പോയി അവരെ കെട്ടിപ്പിടിക്കുന്നതും ഹസ്തദാനം നൽകുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ രംഗത്തെത്തുകയായിരുന്നു. ഒപ്പം എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
നേരത്തെ മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മാധവി ലതയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ബീഗം ബസാര്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
advertisement
ഹൈദരാബാദ് സ്വദേശിയായ ഷെയ്ഖ് ഇമ്രാന്‍ ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചത് മുതല്‍ മാധവി ലത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.
ഏപ്രില്‍ 17ന് നടന്ന രാമ നവമി ഘോഷയാത്രയ്ക്കിടെ ഹൈദരാബാദിലെ ഒരു മുസ്ലീം പള്ളിയ്ക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം ഇവര്‍ കാണിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വീഡിയോ ചിലര്‍ മോര്‍ഫ് ചെയ്തതാണെന്നും തന്റെ പ്രചാരണത്തെ ഇല്ലാതാക്കാനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നതെന്നുമാണ് ഇതിനു മറുപടിയായി മാധവി ലത പറഞ്ഞത്.
എന്നാല്‍ മാധവി ലതയുടെ വിദ്വേഷകരമായ ആംഗ്യം മുസ്ലീം വിശ്വാസികള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടാക്കിയെന്ന് പരാതിക്കാരനായ ഷെയ്ഖ് ഇമ്രാന്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 295 എ, 125 എന്നിവ ചുമത്തിയാണ് മാധവി ലതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതായി ബീഗം ബസാര്‍ പോലീസ് അറിയിച്ചു. ഉടന്‍ തന്നെ ഇവര്‍ക്ക് നോട്ടീസ് അയയ്ക്കുമെന്നും അടിയന്തര നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.