ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഗുസ്തി ഫെഡറേഷൻ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധ സൂചകമായി ഗുസ്തിക്കാർ തങ്ങളുടെ മെഡലുകൾ ഗംഗ നദിയിൽ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ വൈകിട്ട് ആറ് മണിയോടെ താരങ്ങൾ ഹരിദ്വാറിൽ എത്തി. വൻ ജനാവലിയും താരങ്ങൾക്ക് പിന്തുണയുമായി തടിച്ചു കൂടി.
ഗുസ്തിതാരങ്ങളിൽ നിന്നും മെഡലുകൾ വാങ്ങിയ നരേഷ് ടികായത്ത് അഞ്ച് ദിവസത്തെ സമയം ആവശ്യപ്പെടുകയായിരുന്നു. പീഡകനെ പിടികൂടുന്നതിനു പകരം ഇരകളെ ഭയപ്പെടുത്താനും പ്രതിഷേധം അവസാനിപ്പിക്കാനുമാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നായിരുന്നു മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിച്ചുള്ള പ്രസ്താവനയിൽ ഗുസ്തി താരങ്ങൾ പറഞ്ഞിരുന്നത്.
ഇന്ത്യാ ഗേറ്റിനു മുന്നിൽ മരണം വരെ നിരാഹാര സമരം ഇരിക്കുമെന്നും താരങ്ങൾ വ്യക്തമാക്കി. രാജ്യത്തിനു വേണ്ടി നേടിയ മെഡലുകൾ തങ്ങളുടെ ജീവനും ആത്മാവുമാണ്. അത് ഞങ്ങൾ ഗംഗയിലേക്ക് ഒഴുക്കുകയാണ്. അതിനു ശേഷം ജീവിക്കുന്നതിൽ തന്നെ അർത്ഥമില്ലാത്തതിനാൽ ഇന്ത്യാ ഗേറ്റിനു മുന്നിൽ മരണം വരെ നിരാഹാരമിരിക്കും.
രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ സ്മാരകമാണ് ഇന്ത്യാഗേറ്റ്. അത്രയും മഹാന്മാരല്ലെങ്കിൽ കൂടി, അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ തങ്ങൾക്കും അതേ വികാരമാണെന്നും വൈകാരികമായ പ്രസ്താവനയിൽ താരങ്ങൾ പറയുന്നു.