മത്സരത്തില്‍ പുറത്താകാതെ 58 ബോളില്‍ എട്ടു ബൗണ്ടറികളും സിക്സറുമടക്കം 99 റണ്‍സാണ് മായങ്ക് വാരിക്കൂട്ടിയത്. ഐ പി എല്ലിലെ നായക അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ തരമായി മായങ്ക് മാറിയിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്‍ നായകന്‍ ശ്രേയസ് അയ്യരായിരുന്നു നേരത്തേ പുറത്താവാതെ 93 റണ്‍സുമായി രണ്ടാമത്. മലയാളി താരം സഞ്ജു വി സാംസണ്‍ ആണ് ഈ റെക്കോര്‍ഡില്‍ തലപ്പത്തുള്ളത്. 119 റണ്‍സാണ് സഞ്ജുവിന്റെ റെക്കോര്‍ഡ്. ഇപ്പോള്‍ മായങ്കിന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
advertisement
'എന്റെ ഇഷ്ട താരങ്ങളിലൊരാളാണ് മായങ്ക് അഗര്‍വാള്‍. അവന്റെ ശരീരത്തില്‍ സെല്‍ഫിഷ് ആയ എല്ല് ഇല്ലെന്നാണ് തോന്നുന്നത്. എപ്പോഴും ടീമിനുവേണ്ടി കളിക്കുന്നവനാണവന്‍. ഡല്‍ഹിക്കെതിരേ പതിയെ ആണവന്‍ തുടങ്ങിയത്. സ്വയം വലിയ സമ്മര്‍ദ്ദം അവന്‍ വരുത്തിവെച്ചില്ല. എന്നാല്‍ ടീമിന് തുടരെ വിക്കറ്റ് നഷ്ടമായ സാഹചര്യത്തിലും അവന്‍ ഷോട്ട് തിരഞ്ഞെടുപ്പും എതിര്‍ ബൗളര്‍മാരെ നേരിട്ടതും വളരെ കൃത്യമായിരുന്നു. വ്യത്യസ്തമായ ശൈലിയുള്ള കളിക്കാരനാണ് മായങ്ക്. ഗ്രൗണ്ട് ഷോട്ടുകളാണ് അവന്റെ സവിശേഷത. കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ അവന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഫ്രണ്ട് ഫൂട്ടിലാണ് അവന്‍ പന്തുകള്‍ അടിച്ച് പറത്തുന്നത്. റബാഡയുടെ ഷോര്‍ട്ട് ബോളില്‍ അവന്‍ നേടിയ സിക്സ് വളരെ മികച്ചതായിരുന്നു'- ആകാശ് ചോപ്ര വ്യക്തമാക്കി.
ബാറ്റ്‌സ്മാന്‍മാര്‍ക്കും ബോളര്‍മാര്‍ക്കും ഒരുപോലെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കാന്‍ കഴിയാത്തതാണ് പഞ്ചാബ് നേരിടുന്ന പ്രധാന പ്രശ്‌നം. ആറ് ബോളര്‍മാരുടെ സേവനം ടീമിന് ലഭിക്കുന്ന രീതിയില്‍ ടീമിനെ അണിനിരത്തിയിട്ടും പറയത്തക്ക രീതിയിലുള്ള ഒരു ചെറുത്ത്‌നില്‍പ്പ് പോലും മത്സരത്തിന്റെ ഒരു ഭാഗത്തെങ്കിലും കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കോടിക്കണക്കിനു രൂപ കൊടുത്തിറക്കിയിട്ടുള്ള വിദേശ ബൗളര്‍മാര്‍ മുതല്‍ ഇന്ത്യന്‍ സീനിയര്‍ ബോളര്‍ മുഹമ്മദ് ഷമി വരെ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്നില്ല. ബാറ്റ്‌സ്മാന്മാരും ഒട്ടും മോശമല്ല.
ഒന്നോ രണ്ടോ ബാറ്റ്‌സ്മാന്മാര്‍ മാത്രം തിളങ്ങിയാല്‍ നല്ല സ്‌ക്കോറിലേക്ക് എത്തുന്ന പഞ്ചാബിന് അതും ചില സമയങ്ങളില്‍ കഴിയുന്നില്ല. ടീം പരാജയമാണെങ്കിലും റണ്‍ വേട്ടക്കാരില്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ രണ്ടാം സ്ഥാനത്തുണ്ട്. അപ്പെന്റിസിറ്റിസിന്റെ പ്രശ്‌നം മൂലം ശസ്ത്രക്രിയക്ക് വിധേയനാവേണ്ടതിനാല്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് രാഹുല്‍. അതിനാലാണ് മായങ്കിനെ നായകവേഷം തേടിയെത്തിയിരിക്കുന്നത്.
