IPL 2021 | ഹൈദരാബാദിനൊപ്പം വാര്‍ണറുടെ അവസാന സീസണായിരിക്കും ഇത്തവണത്തേത്: ഡെയില്‍ സ്റ്റെയ്ന്
IPL 2021 | ഹൈദരാബാദിനൊപ്പം വാര്‍ണറുടെ അവസാന സീസണായിരിക്കും ഇത്തവണത്തേത്: ഡെയില്‍ സ്റ്റെയ്ന്
ഹൈദരാബാദിന്റെ ചരിത്രത്തില്‍ 2016ല്‍ മാത്രമാണ് അവര്‍ കിരീടം നേടിയത്. ഇത് വാര്‍ണറുടെ നായകമികവിന്റെയും ബാറ്റിങ് കരുത്തിന്റെയും പിന്‍ബലത്തില്‍ മാത്രമായിരുന്നു
ക്രിക്കറ്റ് പ്രേമികളെ ഏറ്റവുമധികം ഞെട്ടിച്ച വാര്‍ത്തയായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകസ്ഥാനത്തു നിന്ന് ഡേവിഡ് വാര്‍ണര്‍ പുറത്താക്കപ്പെട്ട വാര്‍ത്ത. ശനിയാഴ്ചയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ വാര്‍ത്താക്കുറിപ്പിലൂടെ വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയതായി അറിയിച്ചത്. കളിക്കളത്തിനകത്തും പുറത്തും തന്റെ മാന്യമായ പെരുമാറ്റങ്ങള്‍ക്ക് ഒട്ടേറെ പ്രശംസകള്‍ അദ്ദേഹത്തിനു ലഭിക്കാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വളരെയധികം പ്രിയപ്പെട്ടവനാണ് ഡേവിഡ് വാര്‍ണര്‍. ടിക് ടോകിലൂടെ ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് ചുവടുവെച്ചും അദ്ദേഹം ആരാധകരെ കയ്യിലെടുത്തിരുന്നു.
ഹൈദരാബാദിന്റെ ചരിത്രത്തില്‍ 2016ല്‍ മാത്രമാണ് അവര്‍ കിരീടം നേടിയത്. ഇത് വാര്‍ണറുടെ നായകമികവിന്റെയും ബാറ്റിങ് കരുത്തിന്റെയും പിന്‍ബലത്തില്‍ മാത്രമായിരുന്നു. അത്തരത്തിലുള്ള വാര്‍ണര്‍ക്ക് രാജസ്ഥാനെതിരായ അവസാന മത്സരത്തില്‍ പ്ലേയിങ് 11ല്‍ പോലും ഹൈദരാബാദ് അവസരം നല്‍കിയില്ല. ഇത്രയും വലിയ സീനിയര്‍ താരമായിരുന്നിട്ടും വാട്ടര്‍ ബോയിയായി വരെ ഇന്നലത്തെ മത്സരത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരിച്ചുകൊണ്ട് തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ ഡെയില്‍ സ്റ്റെയ്ന്.
'മാനേജ്മെന്റിന്റെ തീരുമാനങ്ങള്‍ വാര്‍ണര്‍ ചോദ്യം ചെയ്തിരുന്നോ എന്നറിയില്ല. നായകന് ടീമില്‍ ആരൊക്കെ കളിക്കണമെന്ന് തീരുമാനിക്കാന്‍ കെല്‍പ്പുള്ളവനാണ്. അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നടക്കുന്നത് പൊതുസമൂഹം അറിയില്ല. വാര്‍ണര്‍ പ്ലേയിങ് ഇലവനിലില്ലാത്തത് അത്ഭുതപ്പെടുത്തുന്നു. അടുത്ത സീസണിലാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതെങ്കില്‍ അത് മനസിലാക്കാവുന്ന കാര്യമാണ്. എന്നാല്‍ ഇപ്പോഴും ബാറ്റിങ് പ്രതിഭാസമാണ് വാര്‍ണര്‍. ഓറഞ്ച് ആര്‍മിയില്‍ വാര്‍ണറെ കാണുന്ന അവസാന സീസണായിരിക്കും ഇതെന്ന് എനിക്ക് തോന്നുന്നു'- സ്റ്റെയ്ന് പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയതായി അറിയിച്ചപ്പോള്‍ വാര്‍ണര്‍ സ്തബ്ധനായെന്നും നിരാശ പ്രകടിപ്പിച്ചതായും ഹൈദരാബാദ് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ മൂഡി വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്തുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് വാര്‍ണറെ നായകസ്ഥാനത്തു നിന്നു മാറ്റിയതിനു പിന്നിലെ കാരണമെന്നും മൂഡി പറഞ്ഞു.
ആറു മല്‍സരങ്ങളില്‍ നിന്നും 32.19 ശരാശരിയില്‍ 193 റണ്‍സ് മാത്രമേ വാര്‍ണര്‍ക്കു നേടാനായിരുന്നുള്ളൂ. ഇതു പ്രതീക്ഷയ്ക്കൊത്തുയര്‍ന്നതല്ലെന്നാണ് ടീം മാനേജ്മെന്റ് കരുതുന്നത്. ഈ സീസണില്‍ വരും മത്സരങ്ങളിലും വാര്‍ണറെ കളിപ്പിക്കാന്‍ സാധ്യതയില്ലയെന്ന് മുഖ്യ പരിശീലകന് ട്രെവര്‍ ബെയ്ലിസ് സൂചന നല്‍കിയിട്ടുണ്ട്. വാര്‍ണര്‍ക്ക് പകരം വില്യംസണ് നായകനായ ആദ്യ മത്സരത്തില്‍ രാജസ്ഥാനോട് 55 റണ്‍സിന്റെ തോല്‍വിയാണ് സണ്‍റൈസേഴ്സ് വഴങ്ങിയത്.
മുന്‍ താരങ്ങളടക്കം നിരവധി പേര് ഹൈദരാബാദ് ടീം മാനേജ്മെന്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് കളിച്ച ഒട്ടുമിക്ക സീസണിലും അവര്‍ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ വാര്‍ണറെന്ന നായകന്റെയും ബാറ്റ്സ്മാന്റെയും അധ്വാനം ചെറുതല്ല. അവസാന സീസണിലും പ്ലേ ഓഫിലേക്ക് ടീമിനെ എത്തിക്കാന്‍ വാര്‍ണര്‍ക്കായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.