ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. ഐ പി എൽ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറായ അമിത് മിശ്ര തന്റെ ബൗളിങ്ങ് മികവിന് യാതൊരു കോട്ടവും ഇപ്പോഴും പറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്നലെ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ പുറത്തെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി.
advertisement
4 ഓവറില്‍ 24 റണ്‍സ് നല്കി നാല് വിക്കറ്റ് സ്വന്തമാക്കിയ ഡല്‍ഹിയുടെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയുടെ മാസ്മര സ്പിന്‍ രോഹിതിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. രോഹിത് ശർമ, ക്രുനാല്‍ പാണ്ഡ്യ, കിറോൺ പൊള്ളാഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നീ വമ്പനടിക്കാരെയാണ് അമിത് മിശ്ര കൂടാരം കയറ്റിയത്. ആദ്യ മൂന്ന് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന അമിത് മിശ്രക്ക് മുംബൈക്കെതിരെയാണ് അവസരം ലഭിക്കുന്നത്.
You may also like:IPL 2021 | 'വീരൂ ഭായ്, ദയവായി എന്റെ പ്രതിഫലം കൂട്ടിത്തരൂ'; അമിത് മിശ്രയുമായുള്ള ഓര്‍മ്മ പങ്കുവെച്ച് സെവാഗ്
ഇന്നലത്തെ മൽസരത്തിലെ പ്രകടനത്തിലൂടെ മറ്റൊരു റെക്കോർഡിനരികെ എത്തിയിരിക്കുകയാണ് മുപ്പത്തിയെട്ടുകാരൻ അമിത് മിശ്ര. ഐ പി എല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് മിശ്ര ഇപ്പോൾ. 152 മത്സരത്തില്‍ നിന്ന് 164 വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്. ജനുവരിയിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും വിരമിച്ച, 170 വിക്കറ്റുകൾ നേടിയ ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഈ സീസണിന്റെ അവസാനത്തോടെ ഈ റെക്കോഡില്‍ മലിംഗയെ കടത്തിവെട്ടാന്‍ മിശ്രക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
ഐ പി എല്ലില്‍ കൂടുതല്‍ ഹാട്രിക് നേടിയ താരമാണ് അമിത് മിശ്ര. 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയാണ് താരം തന്റെ ആദ്യ ഹാട്രിക് നേടുന്നത്. മൂന്ന് ഹാട്രിക്കുകൾ ആണ് താരം ഐ പി എല്ലിൽ ഇതുവരെ നേടിയിട്ടുള്ളത്.
