IPL 2021 | 'വീരൂ ഭായ്, ദയവായി എന്റെ പ്രതിഫലം കൂട്ടിത്തരൂ'; അമിത് മിശ്രയുമായുള്ള ഓര്‍മ്മ പങ്കുവെച്ച് സെവാഗ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മിശ്രയുടെ പ്രടനത്തെ പ്രശംസിച്ച് നേരത്തെ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ഒരുമിച്ച് കളിക്കുമ്പോള്‍ നടന്ന ഒരു സംഭവം അനുസ്മരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്
മുപ്പത്തിയെട്ടാം വയസ്സിലും അമിത് മിശ്ര ഇന്നലത്തെ മത്സരത്തിലൂടെ പുറത്തെടുത്ത പ്രകടനം ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സംസാര വിഷയമായിരിക്കുകയാണ്. ടൂര്‍ണമെന്റിലെ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും പ്രതിരോധിച്ച് 137 എന്ന ചെറിയ സ്‌കോറില്‍ തളച്ചതും ഈ വെറ്ററന്‍ പ്ലേയറുടെ മികവില്‍ തന്നെയാണ്. കഴിഞ്ഞ സീസണിലെ മുംബൈക്കെതിരായ ഫൈനലിലെ തോല്‍വിക്കുള്ള ഡല്‍ഹിയുടെ മറുപടി കൂടിയായി ഇന്നലത്തെ മത്സരം. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വമ്പനടിക്കാരുടെ വിക്കറ്റാണ് മിശ്ര വീഴ്ത്തിയത്.
ഇപ്പോഴിതാ മിശ്രയുടെ പ്രടനത്തെ പ്രശംസിച്ച് നേരത്തെ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ഒരുമിച്ച് കളിക്കുമ്പോള്‍ നടന്ന ഒരു സംഭവം അനുസ്മരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടിയിട്ടുള്ള മിശ്ര ആദ്യം ഹാട്രിക്ക് നേടിയത് 2008ല്‍ ഡല്‍ഹിയില്‍ കളിക്കുമ്പോള്‍ ആയിരുന്നു. സെവാഗായിരുന്നു അന്ന് ടീം ക്യാപ്റ്റന്‍. 'എല്ലാവരോടും സൗമ്യതയോട് പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന താരമാണ് അമിത് മിശ്ര. അവന് ആദ്യ ഹാട്രിക് കിട്ടിയ സംഭവം ഞാന്‍ ഓര്‍ക്കുന്നു. എന്താണ് നിനക്ക് വേണ്ടതെന്ന് ഞാന്‍ ചോദിച്ചു. വീരു ഭായ് ദയവായി എന്റെ പ്രതിഫലം ഉയര്‍ത്തി നല്‍കൂ എന്നാണ് അന്ന് അവന്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് ആരോടും ചോദിക്കാതെ തന്നെ അവന് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇനിയൊരു ഹാട്രിക് നേടുമ്പോള്‍ ശമ്പള വര്‍ധനവ് ആവിശ്യപ്പെടേണ്ട സാഹചര്യം അവനില്ല'- സേവാഗ് പറഞ്ഞു.
advertisement
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. ഐ പി എല്‍ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറായ അമിത് മിശ്ര തന്റെ ബൗളിങ്ങ് മികവിന് യാതൊരു കോട്ടവും ഇപ്പോഴും പറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്നലെ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ പുറത്തെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും സ്വന്തമാക്കിയിരുന്നു.
advertisement
ടി20 ഫോര്‍മാറ്റില്‍ 250ലധികം വിക്കറ്റുകള്‍ നേടിയിട്ടുള്ള താരമാണ് അമിത്. ഇന്നലത്തെ മല്‍സരത്തിലെ പ്രകടനത്തിലൂടെ മറ്റൊരു റെക്കോര്‍ഡിനരികെ എത്തിയിരിക്കുകയാണ് മുപ്പത്തിയെട്ടുകാരന്‍ അമിത് മിശ്ര. ഐ പി എല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് മിശ്ര ഇപ്പോള്‍. 152 മത്സരത്തില്‍ നിന്ന് 164 വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്. ജനുവരിയില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും വിരമിച്ച, 170 വിക്കറ്റുകള്‍ നേടിയ ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഈ സീസണിന്റെ അവസാനത്തോടെ ഈ റെക്കോഡില്‍ മലിംഗയെ കടത്തിവെട്ടാന്‍ മിശ്രക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
Location :
First Published :
April 21, 2021 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'വീരൂ ഭായ്, ദയവായി എന്റെ പ്രതിഫലം കൂട്ടിത്തരൂ'; അമിത് മിശ്രയുമായുള്ള ഓര്‍മ്മ പങ്കുവെച്ച് സെവാഗ്