സെഞ്ചുറി നേടാനിരിക്കേയായിരുന്നു ഗെയിലിന്റെ വിക്കറ്റ് ജോഫ്ര നേടുന്നത്. അപ്രതീക്ഷിതമായ ഔട്ടാകലിൽ ആദ്യം ബാറ്റ് വലിച്ചെറിഞ്ഞ ഗെയിൽ ഉടൻ തന്നെ സംയമനം വീണ്ടെടുത്ത് ജോഫ്രയ്ക്ക് കൈ നൽകി ക്രീസിൽ നിന്നും മടങ്ങി. സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് തെറിച്ചുപോയ ബാറ്റ് ഗെയ്‌ലിന് എടുത്ത് നല്‍കിയത്.
99 റൺസിൽ പുറത്താകുന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നായിരുന്നു മത്സര ശേഷം ഗെയിലിന്റെ പ്രതികരണം. ജോഫ്രയുടെ മികച്ച പന്തായിരുന്നുവെന്നും ഗെയിൽ പറഞ്ഞു. തന്റെ പെരുമാറ്റം ചട്ടലംഘനമാണെന്ന് തുറന്നു സമ്മതിച്ച ഗെയിൽ പിഴ ചുമത്തിയ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.
advertisement
99 റൺസിൽ പുറത്തായെങ്കിലും ട്വിന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി ഗെയിൽ പിന്നിട്ടു കഴിഞ്ഞു. ആയിരം സിക്സറുകൾ അടിക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 63 പന്തിൽ 99 റൺസ് നേടിയ 41 കാരനായ യൂണിവേഴ്സ് കിങ് എട്ടു സിക്സുകളും ആറ് ഫോറും രാജസ്ഥാനെതിരെ നേടി.
ഗെയിലിന്റെ മികച്ച പ്രകടനമുണ്ടായിട്ടും കിങ്സ് ഇലവൻ പഞ്ചാബ് ഏഴ് വിക്കറ്റിന് രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടു. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതയും പരുങ്ങലിലാണ്. 400 ട്വന്റി-20 മാച്ചുകളിൽ നിന്നായി 13,000 റൺസാണ് വെസ്റ്റ് ഇൻഡീസ് താരത്തിന്റെ സമ്പാദ്യം.
അതേസമയം, പഞ്ചാബിനെ തകർത്തതോടെ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് സാധ്യതകളും സജീവമായിരിക്കുകയാണ്. അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച വിജയം ആവർത്തിച്ചാൽ രാജസ്ഥാൻ റോയൽസിന് പ്ലേഓഫ് യോഗ്യത നേടാനാകും.
