ഐപിഎല്ലിൽ ആയിരം സിക്സർ തികച്ച ആദ്യ താരമെന്ന റെക്കോർഡ് പഞ്ചാബ് താരം ക്രിസ് ഗെയിൽ കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയെങ്കിലും സെഞ്ചുറി മോഹം ഒരു റൺസ് അകലെ ക്ലീൻ ബൗൾഡായി. രാജസ്ഥാൻ താരം ജോഫ്ര ആർച്ചറാണ് ഗെയിലിന്റെ വില്ലനായത്. 63 പന്തിൽ 99 റൺസ് നേടിയ ഗെയിലിനെ ജോഫ്ര തിരിച്ചയക്കുകയായിരുന്നു.
ഗെയിലിന്റെ വില്ലനായ ജോഫ്രയുടെ പഴയൊരു ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകർ. 2013 ൽ ഗെയിലിനെ കുറിച്ചുള്ള ജോഫ്രയുടെ ട്വീറ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. താൻ ബൗൾ ചെയ്യുകയാണെങ്കിൽ നൂറ് തികയ്ക്കാൻ ആകില്ലെന്നാണ് ട്വീറ്റിൽ ജോഫ്ര പറയുന്നത്. ജോഫ്രയുടെ വാക്ക് വെറുംവാക്കല്ലെന്ന് ഇപ്പോൾ ആരാധകരും പറയുന്നു.
രാജസ്ഥാനുവേണ്ടി ജോഫ്ര ആർച്ചറും ബെൻ സ്റ്റോക്ക്സും രണ്ടു വിക്കറ്റ് വീതമാണ് നേടിയത്. പഞ്ചാബ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം 15 പന്തും ഏഴു വിക്കറ്റും അവശേഷിക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു. ക്രിസ് ഗെയിലിന്റെ വിളയാട്ടമായിരുന്നു പഞ്ചാബിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ഇതിന് തടയിട്ടത് ജോഫ്രയും.
ഗെയിലും രാഹുലും ചേർന്ന് രണ്ടാം വിക്കറ്റിൽ 82 പന്തിൽ 120 റൺസ് കൂട്ടിച്ചേർത്തു. സെഞ്ച്വറിക്ക് ഒരു റൺസ് അകലെ ഗെയിലിനെ ജോഫ്ര ആർച്ചർ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി ബെൻ സ്റ്റോക്ക്സ്(50), സഞ്ജു സാംസൺ(48), സ്റ്റീവൻ സ്മിത്ത് (31 നോട്ട് ഔട്ട്) എന്നിവരാണ് മികച്ച ബാറ്റിങ് നടത്തിയത്.
രാജസ്ഥാനെതിരെ ആദ്യം ബാറ്റുചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലിന് 185 റൺസെടുത്തു. ഗെയിലും രാഹുലും ചേർന്ന് രണ്ടാം വിക്കറ്റിൽ 82 പന്തിൽ 120 റൺസാണ് പഞ്ചാബിന് നേടിക്കൊടുത്തത്. അവസാന ഓവറുകളിൽ നിക്കോളാസ് പൂരാൻ നടത്തിയ വെടിക്കെട്ടും പഞ്ചാബ് സ്കോർ ഉയർത്തുന്നതിൽ നിർണായകമായി.
രാജസ്ഥാന് ഒന്നാം വിക്കറ്റിൽ സ്റ്റോക്ക്സും ഉത്തപ്പയും ചേർന്ന് മികച്ച തുടക്കം നൽകി. സ്റ്റോക്ക്സ് പുറത്തായെങ്കിലും സഞ്ജു സാംസൺ 25 പന്തിൽ മൂന്നു സിക്സറും നാലു ഫോറും അടിച്ചു. 48 റൺസിൽ റണ്ണൗട്ടായ സഞ്ജുവിന് പിന്നാലെ സ്റ്റീവൻ സ്മിത്തും ജോസ് ബട്ട്ലറും ചേർന്ന് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.