എന്നാല്‍ ഇപ്പോള്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണെങ്കിലും ഐ പി എല്ലില്‍ കളിക്കുന്ന താരങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന വ്യക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ബി സി സി ഐ. എല്ലാ കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കുന്നത് വരെ ഐ പി എല്‍ പൂര്‍ത്തിയാവില്ലെന്ന് ഐപിഎല്‍ സി ഒ ഒ ഹേമാംഗ് അമീന്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കളിക്കാരുടെ ആശങ്ക മനസിലാക്കുന്നെന്നും നിങ്ങളെ ഓരോരുത്തരെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കുന്നതുവരെ ഇത്തവണത്തെ ഐ പി എല്‍ പൂര്‍ണമാവില്ലയെന്നും ടീമുകള്‍ക്ക് അയച്ച കത്തില്‍ അമീന്‍ വ്യക്തമാക്കി.
advertisement
'ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ നാട്ടിലേക്ക് എങ്ങനെ തിരികെ പോകുമെന്നോര്‍ത്ത് നിങ്ങളില്‍ പലരും ആശങ്കാകുലരാണെന്ന് അറിയാം. നിലവിലെ സാഹചര്യത്തില്‍ അത് സ്വാഭാവികമാണ്. ഇക്കാര്യത്തില്‍ നിങ്ങളോരോരുത്തരോടും പറയാനുള്ളത് ആശങ്കപ്പെടേണ്ടെന്നാണ്. സ്ഥിതിഗതികള്‍ ബി സി സി ഐ സൂക്ഷ്മമായി വിലിയിരുത്തുന്നുണ്ട്. ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ നിങ്ങളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്കായി സര്‍ക്കാരുമായും നിരന്തരം സമ്ബര്‍ക്കത്തിലാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബയോ ബബിള്‍ സംവിധാനം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ പുറത്തു നിന്നുള്ള ഭക്ഷണം പാഴ്‌സലായി സ്വീകരിക്കാന്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതും നിര്‍ത്തലാക്കി. കളിക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കൂടുതല്‍ നിയന്ത്രണങ്ങളില്‍ എല്ലാ കളിക്കാരും സഹകരിക്കണം'- അമീന്‍ കത്തില്‍ വ്യക്തമാക്കി.
ഇന്നലെ മുംബൈ ഓപ്പണറായ ഓസിസ് താരം ക്രിസ് ലിന്‍ ഐ പി എല്ലില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാനസൗകര്യമൊരുക്കണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ അവരുടെ സ്വന്തം നിലയിലാണ് ഐ പി എല്‍ കളിക്കാന്‍ പോയതെന്നും ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്ന താരങ്ങള്‍ സ്വന്തം നിലയില്‍ തന്നെ തിരിച്ചുവരണമെന്നുമായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പ്രതികരണം. ടൂര്‍ണമെന്റിന്റെ സംഘാടകര്‍ മുഖേന ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്താനുള്ള വഴി ആലോചിക്കാമെന്നും മോറിസണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബി സി സി ഐ നിലപാട് വ്യക്തമാക്കിയത്
