ഉദ്‌ഘാടന സീസണിൽ വോണിന് കീഴിൽ കിരീടം നേടിയതും ഒപ്പം അന്നത്തെ ചില രസകരമായ സംഭവങ്ങളും ഓർത്തെടുക്കുകയാണ് മുൻ രാജസ്ഥാൻ റോയൽസ് താരമായ പാക് വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ.
പരിശീലന സെഷനുകൾക്ക് ഇറങ്ങുമ്പോൾ ടീം ബസിലെത്താൻ സ്ഥിരമായി വൈകിയിരുന്ന രവീന്ദ്ര ജഡേജയ്ക്കും യൂസഫ് പഠാനും (Yusuf Pathan) വോണ്‍ നല്‍കിയ ശിക്ഷയെ കുറിച്ചായിരുന്നു കമ്രാൻറെ വെളിപ്പെടുത്തൽ.
advertisement
'യൂസഫും ജഡേജയും സ്ഥിരം വൈകിയാകും ടീം ബസിലേക്ക് എത്തുക. ആ സമയം വോണ്‍ ഒന്നും പറയില്ല. പരിശീലന സെഷൻ കഴിഞ്ഞ് തിരികെ ഹോട്ടലിലേക്ക് മടങ്ങുന്ന സമയത്ത് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ വോണ്‍ ആവശ്യപ്പെടും. എന്നിട്ട് ജഡേജയോടും യൂസഫിനോടും ബസില്‍ നിന്ന് ഇറങ്ങി ഹോട്ടലിലേക്ക് നടന്ന് വരാന്‍ പറയും. ടീം ഹോട്ടലിലേക്ക് കഷ്ടിച്ച് രണ്ട് കിലോമീറ്റർ ദൂരമെങ്കിലുമുണ്ടാകും.' - വോണിന് ആദരവ് അര്‍പ്പിച്ചുള്ള ഡോക്യുമെന്ററിയിൽ കമ്രാൻ പറഞ്ഞു.
കമ്രാന് പുറമെ 2008 മുതൽ 2013 വരെ രാജസ്ഥാനൊപ്പമുണ്ടായിരുന്ന പേസ് ബൗളർ സിദ്ധാർഥ് ത്രിവേദിയും ഓസീസ് ഇതിഹാസത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. വൈകി എത്തുന്നവർക്ക് വോൺ നൽകിയിരുന്ന മറ്റൊരു ശിക്ഷയെ കുറിച്ചാണ് ത്രിവേദി മനസ്സ് തുറന്നത്.
'വൈകിയെത്തുന്നവർ പിങ്കി എന്ന് പേരുള്ള ഒരു പാവക്കുട്ടിയെ പിടിച്ച് ദിവസം മുഴുവൻ നടക്കണം. ടീം മീറ്റിംഗുകൾക്കും സ്പോണ്സർമാരുമായുള്ള മീറ്റിംഗിലുമെല്ലാം വൈകിയെത്തുന്നവർ ഈ പാവക്കുട്ടിയെയും പിടിച്ച് നടക്കണം.' - ത്രിവേദി പറഞ്ഞു.

