രാഹുലിന്റെ അഭാവത്തില്‍ ഇന്നലത്തെ മത്സരത്തില്‍ പഞ്ചാബിനെ നയിച്ചത് മായങ്ക് അഗര്‍വാള്‍ ആയിരുന്നു. ഇംഗ്ലീഷ് താരം ഡേവിഡ് മലാനും ഇന്നലെ ടീമില്‍ ഇടം നേടിയിരുന്നു. മത്സരം തോറ്റെങ്കിലും മായങ്ക് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. ഓപ്പണറായ അദ്ദേഹം 20 ഓവര്‍ ക്രീസില്‍ നിന്ന് 58 പന്തുകളില്‍ എട്ടു ബൗണ്ടറികളും നാല് സിക്സറുമടക്കം 99 റണ്‍സാണ് നേടിയത്. ഐ പി എല്ലിലെ നായക അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ തരമായി മായങ്ക് മാറിയിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്‍ നായകന്‍ ശ്രേയസ് അയ്യരായിരുന്നു നേരത്തേ പുറത്താവാതെ 93 റണ്‍സുമായി രണ്ടാമത്. മലയാളി താരം സഞ്ജു വി സാംസണ്‍ ആണ് ഈ റെക്കോര്‍ഡില്‍ തലപ്പത്തുള്ളത്. 119 റണ്‍സാണ് സഞ്ജുവിന്റെ റെക്കോര്‍ഡ്.
advertisement
ടീമിന്റെ ടോപ് സ്‌കോററായ കെ എല്‍ രാഹുലിന്റെ അഭാവം ടീമിന് തിരിച്ചടി തന്നെയാണ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരിലും മുന്‍പന്തിയിലാണ് രാഹുലിന്റെ സ്ഥാനം. മുംബൈയിലെ ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ താരത്തിന് ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷം മത്സരത്തിന് ഇറങ്ങാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടീമിനൊപ്പം ചേരുന്നതിനു മുമ്പുള്ള ക്വാറന്റീന്‍ നിബന്ധനകള്‍ അദ്ദേഹം പൂര്‍ത്തിയാക്കേണ്ടി വരും. അതിനുശേഷം മാത്രമേ താരത്തിന് ബബിളില്‍ ചേരാന്‍ കഴിയൂ. പ്രോട്ടോക്കോളുകളെക്കുറിച്ച് പഞ്ചാബ് കിങ്സ് മാനേജ്മെന്റ് ഐ പി എല്‍ സംഘാടകരുമായി ആലോചിച്ച ശേഷം തീരുമാനിക്കും.
ശസ്ത്രക്രിയക്കു ശേഷം രാഹുലിന് ടൂര്‍ണമെന്റിലെ ബാക്കിയുള്ള മല്‍സരങ്ങള്‍ നഷ്ടമായേക്കുമെന്ന വാര്‍ത്തകള്‍ ആരാധകരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഒരാഴ്ചക്കു ശേഷം വീണ്ടും കളിക്കാമെന്നു ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയതോടെ പഞ്ചാബ് ടീമിന്റെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ചു തോല്‍വികളും മൂന്ന് വിജയങ്ങളും നേടിക്കൊണ്ട് പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് പഞ്ചാബ് ഇപ്പോള്‍. വ്യാഴാഴ്ച ആര്‍ സി ബിക്കെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ശനിയാഴ്ച ചെന്നൈക്കെതിരെയും പഞ്ചാബിന് കളിക്കണം.

