ചാഹൽ കളിക്കുന്ന മൂന്നാം ഐപിഎൽ ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ. മുംബൈ ഇന്ത്യൻസിനൊപ്പം (Mumbai Indians) തന്റെ ഐപിഎൽ കരിയർ ആരംഭിച്ച ചാഹൽ പിന്നീട് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് (Royal Challengers Banglore) ചേക്കേറുകയും അവിടെ ടീമിന്റെ നിർണായക താരങ്ങളിൽ ഒരാളായി മാറുകയുമായിരുന്നു. ബാംഗ്ലൂരിനായി കളിച്ചുകൊണ്ടിരിക്കവേ ആയിരുന്നു ചാഹൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും പിന്നീട് കരിയറിൽ ഉയരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയതും. ഐപിഎല്ലിലും ഇന്ത്യൻ ടീമിനായും ധാരാളം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരം ഇപ്പോഴിതാ ക്രിക്കറ്റ് ജീവിതത്തിൽ തനിക്കുണ്ടായ മറക്കാൻ പറ്റാത്ത അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ രവിചന്ദ്രൻ അശ്വിൻ, കരുൺ നായർ എന്നിവർക്കൊപ്പമുള്ള സംഭാഷണത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ താരങ്ങൾ തമ്മിലുള്ള ഈ സംഭാഷണത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
advertisement
'അധികം ആളുകൾക്ക് ഈ സംഭവത്തെ കുറിച്ച് അറിയില്ല. 2013 ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോഴായിരുന്നു ഈ സംഭവം. ബാംഗ്ലൂരിൽ ഒരു മത്സരമുണ്ടായിരുന്നു. അന്നത്തെ മത്സരത്തിനുശേഷം ടീമംഗങ്ങൾ എല്ലാവരും ഒത്തുകൂടുകയും പാർട്ടി നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ നല്ല രീതിയിൽ മദ്യപിച്ചെത്തിയ ഒരു താരം (പേര് വെളിപ്പെടുത്താതെ) എന്നെ ഒരുപാട് നേരം നോക്കി നിന്ന ശേഷം അടുത്തേക്ക് വിളിച്ചു. അവിടുന്ന് എന്നെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടർന്ന് ബാൽക്കണിയിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമിച്ചു. കാര്യങ്ങൾ ഒന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല. ആ താരം പിടിവിട്ടിരുന്നെങ്കിൽ 15-ാ൦ നിലയിലെ ആ ബാൽക്കണിയിൽ നിന്നും ഞാൻ താഴേക്ക് വീണേനെ. തലകറങ്ങുന്ന പോലെയൊക്കെ എനിക്ക് തോന്നി. അവിടെയുണ്ടായിരുന്ന ചില ആൾക്കാർ ചേർന്നാണ് എന്നെ രക്ഷിച്ചത്.' - ചാഹൽ പറഞ്ഞു.
'അവിടെ നിന്നും എന്നെ രക്ഷപ്പെടുത്തിയ ശേഷം അവരെനിക്ക് കുടിക്കാൻ വെള്ളം നൽകുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.പുറത്ത് പോകുമ്പോൾ ചുറ്റുപാടുകളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും നാം എത്ര ബോധവാന്മാരായിരിക്കണമെന്ന പാഠം അന്ന് ഞാൻ പഠിച്ചു.' - ചാഹൽ കൂട്ടിച്ചേർത്തു.