• HOME
 • »
 • NEWS
 • »
 • sports
 • »
 • Boris Johnson | ട്രാൻസ്‌ജെൻഡർ സ്ത്രീകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

Boris Johnson | ട്രാൻസ്‌ജെൻഡർ സ്ത്രീകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ട്രാൻസ്‌ജെൻഡർ സ്ത്രീകൾ വനിതാ കായിക ഇനങ്ങളിൽ മത്സരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.

 • Share this:
  ട്രാൻസ്‌ജെൻഡർ (Transgender) സ്ത്രീകൾ വനിതാ കായിക ഇനങ്ങളിൽ മത്സരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson). എൽജിബിടിക്കാരുടെ (LGBT) അവകാശങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച് നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി റദ്ദാക്കാൻ ബ്രിട്ടൺ ആലോചിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. പരിപാടിയിൽ ട്രാൻസ്‌ജെൻഡറുകൾക്കായി പരിവർത്തന തെറാപ്പി (Conversion Therapy) നടത്താനുള്ള പദ്ധതിയിൽ പ്രതിഷേധിച്ച് ചാരിറ്റികളും സംഘടനകളുമൊക്കെ പിൻമാറാൻ ഒരുങ്ങുകയാണ്.

  "ജനനം കൊണ്ട് പുരുഷൻമാരായിട്ടുള്ളവർ സ്ത്രീകളുടെ കായിക ഇനങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് എൻെറ അഭിപ്രായം. ഒരുപക്ഷേ ഈ അഭിപ്രായം വിവാദമായേക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അതാണ് വിവേകമുള്ള കാര്യം,” ജോൺസൺ പറഞ്ഞു. "ആശുപത്രികളിലും ജയിലുകളിലും ചേയ്ഞ്ചിങ് റൂമുകളിലുമൊക്കെ സ്ത്രീകൾക്ക് പ്രത്യേകമായ ഇടങ്ങൾ വേണമെന്ന് അഭിപ്രായമുള്ളയാളാണ് ഞാൻ. ഇക്കാര്യത്തിൽ അതിലപ്പുറമുള്ളതൊന്നും പറയാനില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

  "എൻെറ അഭിപ്രായപ്രകടനത്തിൽ വൈരുദ്ധ്യമുള്ളതായി നിങ്ങൾക്ക് തോന്നാം. എന്നാൽ ലിംഗമാറ്റത്തിന് താൽപര്യമുള്ളവരോട് എനിക്ക് യാതൊരു വിയോജിപ്പുമില്ല. അവർക്ക് പരമാവധി സ്നേഹവും പിന്തുണയും നൽകേണ്ടത് പ്രധാനമാണെന്നും ഞാൻ കരുതുന്നു," ബോറിസ് ജോൺസൺ പറഞ്ഞു.

  കായിക മത്സരങ്ങളിൽ വിവേചനമില്ലാതെ ട്രാൻസ‍്‍ജെൻഡറുകൾ പങ്കെടുക്കാൻ തുടങ്ങിയത് ലോകമാകെ വലിയ ച‍ർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാൽ പല രാജ്യങ്ങളിലും ഇതിന് ഇപ്പോഴും വിലക്കുകളുണ്ട്. ട്രാൻസ്‌ജെൻഡർ സൈക്ലിസ്റ്റ് എമിലി ബ്രിഡ്ജസിനെ കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനിലെ നാഷണൽ ഒമ്നിയം ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കിയത്. കായിക ഭരണ സമിതിയായ യുസിഐ എമിലി അയോഗ്യയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

  "ട്രാൻസ്‌ജെൻഡർ ആൻഡ് നോൺ-ബൈനറി പാർട്ടിസിപ്പേഷൻ പോളിസി" പ്രകാരം എമിലിക്ക് മത്സരത്തിൽ പങ്കെടുക്കാൻ ബ്രിട്ടീഷ് സൈക്ലിങ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ചാമ്പ്യൻഷിപ്പിൻെറ സംഘാടകർ അയോഗ്യത കൽപ്പിച്ചു. ന്യൂസിലൻഡ് ഭാരോദ്വഹന താരം ലോറൽ ഹബ്ബാർഡാണ് ഒളിമ്പിക്‌സിൽ മത്സരിച്ച ആദ്യ ട്രാൻസ്‌ജെൻഡർ അത്‌ലറ്റ്. കഴിഞ്ഞ വർഷം ടോക്കിയോയിൽ നടന്ന ഒളിമ്പിക്‌സിലാണ് പങ്കെടുത്തത്.

  പെൻസിൽവാനിയ സർവകലാശാലയിലെ നീന്തൽ താരം ലിയ തോമസ് കഴിഞ്ഞ മാസം വനിതകളുടെ 500 യാർഡ് ഫ്രീസ്റ്റൈൽ കിരീടം നേടുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡറായി ചരിത്രം കുറിച്ചിരുന്നു. നാഷണൽ കൊളീജിയറ്റ് അത്‌ലറ്റിക് അസോസിയേഷൻ (NCAA) ചാമ്പ്യനായാണ് ലിയ തോമസ് നേട്ടം കൈവരിച്ചത്. പെൻസിൽവാനിയയുടെ പുരുഷ ടീമിൽ മൂന്ന് വർഷം ലിയ തോമസ് മത്സരിച്ചിരുന്നു. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വനിതാ ടീമിനൊപ്പം ഒന്നിലധികം ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നിരന്തരം യോഗ്യതാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചതിന് ശേഷമാണ് ലിയ തോമസിനെ ഫ്രീസ്റ്റൈൽ മത്സരത്തിൽ പങ്കെടുപ്പിച്ചത്.

  ലിംഗഭേദത്തിൻെറ പേരിൽ ഒരാളെയും മത്സരങ്ങളിൽ പങ്കെടുന്നതിൽ നിന്ന് ഒഴിവാക്കരുതെന്ന് കഴിഞ്ഞ വർഷം നവംബറിൽ അപ്‌ഡേറ്റ് ചെയ്‌ത ഏറ്റവും പുതിയ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
  Published by:Sarath Mohanan
  First published: