മലപ്പുറത്താണ് ദേവദത്തിന്റെ കുടുംബ വേരുകൾ. അച്ഛൻ ബാബുവിന്റെ വീട് നിലമ്പൂരിലാണ്. അമ്മ അമ്പിളി എടപ്പാൾ സ്വദേശിയും. 2000 ജൂലൈ ഏഴിന് എടപ്പാളിലാണ് ദേവ്ദത്ത് ജനിച്ചത്. നാല് വയസുവരെ ദേവ്ദത്ത് എടപ്പാളിലാണ് വളർന്നത്. അച്ഛൻറെ ജോലിയുമായി ബന്ധപ്പെട്ടാണ് കുടുംബം ഹൈദരാബാദിലേക്ക് പോയത്.
കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിലായിരുന്നു ദേവ്ദത്തിന്റെ പരിശീലനം. ദേവദത്തിന്റെ ക്രിക്കറ്റിലെ ഭാവി കൂടി പരിഗണിച്ച് കുടുംബം പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറി. കർണാടക അണ്ടർ 16നിലും അണ്ടർ 19ലും കളിച്ചുകൊണ്ടായിരുന്നു ദേവദത്തിന്റെ ക്രക്കറ്റ് അരങ്ങേറ്റം.
advertisement
2018ല്‍ രഞ്ജി ട്രോഫി മത്സരത്തിൽ കർണാടകയ്ക്കു വേണ്ടി കളിച്ചു കൊണ്ടായിരുന്നു ദേവദത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം. വിജയ് ഹസാരെ ട്രോഫിയിൽ കഴിഞ്ഞ സീസണിൽ 11 ഇന്നിങ്സുകളിൽ നിന്നായി 619 റൺസെടുത്ത് ദേവ്ദത്ത് ടോപ്പ് സ്കോററായി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും 12 മത്സരങ്ങളിൽ നിന്ന് 580 റൺസ് നേടി ടോപ്പ് സ്കോററായി.
കർണാടക പ്രീമിയർ ലീഗിലെ പ്രകടനത്തിലൂടെയാണ് റോയൽ ചാലഞ്ചേഴ്സിലേക്ക് എത്തിയത്. 2019ൽ 20 ലക്ഷം രൂപക്കാണ് റോയൽ ചാലഞ്ചേഴ്സ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ദേവ്ദത്തിനെ സൗരവ് ഗാംഗുലി ഉൾപ്പെടെ നിരവധി പേരാണ് അഭിനന്ദിച്ചിരിക്കുന്നത്. തുടക്കം തന്നെ മികച്ചതാക്കിയ ദേവ്ദത്തിന്റെ വരും പ്രകടനങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരും.