സ്കോർ : ചെന്നൈ സൂപ്പർ കിങ്‌സ് 20 ഓവറിൽ 192/3; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ 165/9
2020 സീസണിൽ പ്ലേഓഫ് യോഗ്യത നേടാതെ പുറത്തായ ചെന്നൈ ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയാണ് അവരുടെ നാലാമത് ഐപിഎൽ കിരീടം നേടിയിരിക്കുന്നത്.
ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്തയ്കായി ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും തകർപ്പൻ തുടക്കമാണ് നൽകിയത്. ചെന്നൈ ബൗളർമാരെ കടന്നാക്രമിച്ച് മുന്നേറിയ സഖ്യം ഒന്നാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് വേർപിരിഞ്ഞത്. എന്നാൽ ഇതിന് ശേഷം ചെന്നൈ ബൗളർമാർ കളം വാഴുന്ന കാഴ്ചയാണ് കണ്ടത്. കൊൽക്കത്തയുടെ ഫോം കണ്ടെത്താൻ വിഷമിക്കുന്ന മധ്യനിര ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ കൂടാരം കയറ്റുകയായിരുന്നു ചെന്നൈ ബൗളർമാർ. 51 റൺസ് നേടിയ ഗില്ലിനും 50 റൺസ് നേടിയ വെങ്കടേഷ് അയ്യരുടെയും അർധസെഞ്ചുറി പ്രകടനങ്ങൾക്ക് പുറമെ മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ഇരുവരുടെയും അർധസെഞ്ചുറി പ്രകടനങ്ങൾ കഴിഞ്ഞാൽ വാലറ്റത്ത് 20 റൺസ് നേടിയ ശിവം മാവിയാണ് കൊൽക്കത്തയുടെ മൂന്നാമത്തെ ടോപ് സ്‌കോറർ. കൊൽക്കത്ത നിരയിൽ ആറ് പേർക്ക് രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
advertisement
ചെന്നൈക്കായി ബൗളിങ്ങിൽ ശാർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ദീപക് ചാഹർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് എടുത്തത്. തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തിയ മുൻനിര ബാറ്റർമാരുടെ പ്രകടനത്തിന്റെ ബലത്തിലാണ് ചെന്നൈ കൂറ്റൻ സ്കോർ നേടിയത്. 59 പന്തിൽ 86 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ ഡുപ്ലെസിസ് തകർത്തടിച്ചതോടെയാണ് ചെന്നൈ 192ൽ എത്തിയത്. അവസാന ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്.
ഡുപ്ലെസിസിന് പുറമെ മൊയീൻ അലി (20 പന്തിൽ പുറത്താകാതെ 37), റോബിൻ ഉത്തപ്പ (15 പന്തിൽ 31), ഋതുരാജ് ഗെയ്ക്‌വാദ് (27 പന്തിൽ 32) എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
