മുംബൈക്കെതിരെ ഐപിഎല്‍ ചരിത്രത്തില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഈ ഹരിയാനക്കാരന്‍ നേടിയത്. കരുത്തരായ മുംബൈ ബാറ്റിങ് നിരയിലെ അഞ്ച് വമ്പന്മാരെയാണ് താരം പുറത്താക്കിയത്.
നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഹര്‍ഷലിന്റെ നേട്ടം. മുംബൈയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു ഹർഷലിന്റെ പ്രകടനം. പരിചയ സമ്പന്നനായ നവദീപ് സെയ്നിയെ പുറത്തിരുത്തി തന്നെ കളിപ്പിച്ച മാനേജ്മെന്റിന്റെ തീരുമാനം തീർത്തും ശെരിവെക്കുന്ന പ്രകടനം തന്നെയാണ് താരം പുറത്തെടുത്തത്.
advertisement
മുംബൈ ടീമിന്റെ തുറുപ്പു ചീട്ടുകളായ ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രൂണാൽ പാണ്ഡ്യ, എന്നിവർക്കൊപ്പം അരങ്ങേറ്റക്കാരനായ മാർക്കാ ജെയ്‌ൻസിനെയും പുറത്താക്കികൊണ്ടാണ് ഹർഷൽ തന്റെ ഐപിഎൽ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. മൂന്ന് വിക്കറ്റുകളും അവസാന ഓവറിലായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. മാത്രമല്ല റൺ ഔട്ടിന്റെ രൂപത്തിൽ മറ്റൊരു വിക്കറ്റ് കൂടി ഈ ഓവറിൽ താരം ടീമിന് സമ്മാനിച്ചിരുന്നു.
ടൂർണമെന്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അവസാന ഓവറുകളിലൊന്നായിരുന്നു ഹർഷലിന്റേത്. വെറും ഒരു റൺസാണ് ഈ ഓവറിൽ വഴങ്ങിയത്. ആദ്യ പന്തിൽ ക്രൂണാലിനെ പുറത്താക്കിയാണ് ഹർഷൽ തുടങ്ങിയത്. സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സറിനായിരുന്നു ക്രൂണാലിന്റെ ശ്രമം. എന്നാൽ അത് ബൗണ്ടറി ലൈനിന് തൊട്ടരികെ ഡാൻ ക്രിസ്ട്യന്റെ കൈകളിലൊതുങ്ങി. തൊട്ടടുത്ത പന്തിൽ വമ്പനടിക്കാരനായ കീറോൺ പൊള്ളാർഡിനേയും പുറത്താക്കി.
ഡീപ് ബാക്ക് വേർഡ് സ്ക്വയർ ലെഗിൽ വാഷിംഗ്‌ടൺ സുന്ദറിന്റെ ക്യാച്ചിലൂടെയാണ് പൊള്ളാർഡ് പുറത്തായത്. ഹാട്രിക് ബോളിൽ അരങ്ങേറ്റക്കാരൻ ജെയ്ൻസനെതിരെ സ്ലോ യോർക്കർ ആണ് താരം പരീക്ഷിച്ചത്. ബാറ്റിന്റെയും ലെഗ് സ്റ്റമ്പിന്റെയും ഗ്യാപ്പിലൂടെ പന്ത് കീപ്പറുടെ കൈകളിലെത്തി. എന്നാൽ അടുത്ത പന്തിൽ ഹർഷലിന് പിഴച്ചില്ല. ഒരു ഇൻസ്വിങ് യോർക്കറിലൂടെ താരം തന്റെ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനേ സാധിച്ചുള്ളൂ. ഹർഷൽ പട്ടേലിന്റെ അഞ്ചു വിക്കറ്റ് പ്രകടനം തന്നെയാണ് മുംബൈയെ വൻ സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞു നിർത്തിയത്.
