ബിസിസിഐയുടെ ഈ തീരുമാനത്തിന് കാരണമായ കാര്യത്തിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
സുരക്ഷിതമായ ഐപിഎല്‍ ബയോ ബബിള്‍ സംവിധാനം ഭേദിച്ച് കോവിഡ് എങ്ങനെ താരങ്ങളിലേക്ക് എത്തി എന്നതിനെ കുറിച്ച് പറയാന്‍ പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ബയോ ബബിള്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ഐപിഎല്‍ ഇന്ത്യയില്‍ നടത്തുക എന്ന തീരുമാനത്തില്‍ എത്തിയത് രാജ്യത്ത് ആ സമയത്ത് കേസുകള്‍ കുറവായിരുന്നതിനാലാണെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം നല്ല രീതിയില്‍ നടന്ന സംഭവം അദ്ദേഹം ചൂണ്ടിക്കാണിച്ചു.
advertisement
' ഐപിഎല്‍ കഴിഞ്ഞ സീസണിലേത് പോലെ ഇത്തണയും യുഎയില്‍ വച്ച് നടത്താം എന്ന് തന്നെയാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ ഇന്നത്തെ പോലെ ആയിരുന്നില്ല. ഈ ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയത് കഴിഞ്ഞ മൂന്നാന്നാഴ്ച കൊണ്ടാണ്. അതിന് മുന്‍പ് എല്ലാം സാധാരണ നിലയില്‍ ആയിരുന്നു. ആദ്യം യുഎയില്‍ നടത്താമെന്ന് വിചാരിച്ചിരുന്നുവെങ്കിലും അവസാനം ഇന്ത്യയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.' ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഇതെല്ലാം ഞങ്ങള്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യയില്‍ കോവിഡ് ഇത്രക്ക് പടര്‍ന്നു പിടിച്ചിട്ടില്ലായിരുന്നു. അതിനാല്‍ തന്നെ ടൂര്‍ണമെന്റ് ഒരു നഗരത്തില്‍ മാത്രമായി നടത്തിക്കൂടെ എന്നത് ഇപ്പോള്‍ പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഈ ടൂര്‍ണമെന്റ്, തുടങ്ങുമ്പോള്‍ ഇന്ത്യയില്‍ കേസുകള്‍ വളരെ കുറവായിരുന്നു. മുംബൈയില്‍ തുടങ്ങിയ ടൂര്‍ണമെന്റ് ഒരു കേസുമില്ലാതെ വളരെ ഭംഗിയായി പൂര്‍ത്തിയാക്കി. അന്ന് മുംബൈയില്‍ സജീവമായിരുന്ന കോവിഡ് കേസുകളുടെ എണ്ണം വളരെ കൂടുതല്‍ ആയിരുന്നു''അദ്ദേഹം പറഞ്ഞു.
എല്ലാ വിദേശ കളിക്കാര്‍ക്കും അതത് രാജ്യങ്ങളിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുമെന്നും ഗാംഗുലി ഉറപ്പ് നല്‍കി.
'അവരെല്ലാം സുരക്ഷിതരാണ്. അവരുടെ കാര്യങ്ങള്‍ എല്ലാം ബിസിസിഐ നോക്കുന്നുണ്ട്. തീര്‍ച്ചയായും അവര്‍ക്ക് വീടെത്താന്‍ കഴിയും. ഇവിടെയുള്ള വിദേശ താരങ്ങളില്‍ ഓസ്ട്രേലിയക്കാര്‍ നാളെ മാലിദ്വീപിലെത്തും, അവിടുന്ന് അവരുടെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിതിന് ശേഷം സുരക്ഷിതമായി ഓസ്ട്രേലിയയിലെത്തും. അതിനാല്‍ ഞാന്‍ ഈ കാര്യത്തില്‍ മറ്റു തടസ്സങ്ങള്‍ ഒന്നും കാണുന്നില്ല.' ഗാംഗുലി പറഞ്ഞു.
ഐപിഎല്‍ നടത്താന്‍ ബിസിസിഐക്ക് മുന്നില്‍ ഇനി എന്തെങ്കിലും വഴികളുണ്ടോ എന്ന ചോദ്യത്തിന് ബോര്‍ഡ് ആ കാര്യം പരിഗണിക്കുകയാണെന്നും ഇപ്പൊള്‍ തന്നെ അതിനെക്കുറിച്ച് പറയുവാന്‍ കഴിയില്ല എന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.