ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. അർധ സെഞ്ചുറികൾ നേടിയ നിതീഷ് റാണയും രാഹുൽ ത്രിപാഠിയുമാണ് കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. റാണ 56 പന്തുകളിൽ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 80 റൺസ് നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും നിതിഷ് റാണയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. വമ്പൻ അടികളുമായി കൊൽക്കത്തയുടെ സ്കോർ അതിവേഗം ചലിപ്പിച്ച റാണയായിരുന്നു കൂടതൽ അപകടകാരി. 42 പന്തുകളിൽ നിന്നും 53 റൺസ് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 15 റൺസെടുത്ത ഗില്ലിനെ റാഷിദ് ഖാൻ ബൗൾഡാക്കി കൂട്ടുകെട്ട് പൊളികുക്കയായിരുന്നു.
advertisement
ഗിൽ പുറത്തായ ശേഷമെത്തിയ രാഹുൽ ത്രിപാഠി സൺറൈസേഴ്സ് ബൗളർമാരെ നിലം തൊടീച്ചില്ല. രണ്ടാം വിക്കറ്റിൽ നിതിഷ് റാണയ്ക്കൊപ്പം 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രാഹുൽ പുറത്തായത്. 29 പന്തുകളിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം ത്രിപാഠി 53 റൺസാണ് നേടിയത്.
ഇരുവരും പുറത്തായ ശേഷം പുറകെ വന്ന കൊൽക്കത്ത ബാറ്റ്സ്മാൻമാർക്ക് കാര്യമായ സംഭാവന ചെയ്യാൻ കഴിഞ്ഞില്ല. കോൽക്കത്തയുടെ കയ്യിലായിരുന്ന കളി അവിടുന്ന് അങ്ങോട്ട് പതുക്കെ സൺറൈസേഴ്‌സ് ബൗളർമാരുടെ കയ്യിലായി. ത്രിപാഠി പോയതിനു ശേഷം വന്ന വെടിക്കെട്ട് വീരൻ ആന്ദ്രേ റസ്സലിന് അഞ്ചു റൺസ് മാത്രമേ നേടാനായുള്ളൂ. ക്യാപ്റ്റൻ ഓയിൻ മോർഗൻ രണ്ടു റൺസെടുത്ത് പുറത്തായി.
ഒമ്പത് പന്തുകളിൽ നിന്ന് 22 റൺസ് നേടിയ ദിനേഷ് കാർത്തിക്കാണ് പിന്നീട് കൊൽക്കത്ത സ്കോർ ഉയർത്തിയത്. 22 റൺസ് നേടിയ കാർത്തിക് പുറത്താകാതെ നിന്നു. സൺറൈസേഴ്സിനായി റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
Summary: Kolkata Knight Riders set a target of 188 runs for Sunrisers; Nitish Rana and Rahul Tripathi shines with half centuries
