പഞ്ചാബ് കിങ്‌സിനെ പ്രധാനമായും അലട്ടുന്ന പ്രശ്നം അവരുടെ ബാറ്റിങ്ങാണ്. കെ എല്‍ രാഹുല്‍ നിലയുറപ്പിച്ച് കളിക്കാൻ നോക്കുമ്പോള്‍ ടീം സ്‌കോറിനെ അത് വല്ലാതെ ബാധിക്കുന്നു. നേരെമറിച്ച് അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച് രാഹുലിന്‍റെ വിക്കറ്റ് നഷ്ടമാവുമ്പോള്‍ അതും ടീമിനെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. രാഹുലിന്‍റെ പ്രകടനത്തിൽ ഉള്ള ഈ അമിത ആശ്രയം തന്നെയാണ് അവരുടെ തോൽവിക്കുള്ള പ്രധാന കാരണവും. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. രാഹുല്‍ വീണാല്‍ ടീം തകര്‍ന്നടിയുന്ന അവസ്ഥ. ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരാന്‍ എന്നിവര്‍ക്ക് അതിവേഗം റണ്‍സുയര്‍ത്താനുള്ള ചുമതല ടീം നല്‍കിയിട്ടുണ്ടെങ്കിലും ഇരുവര്‍ക്കുമതിന് സാധിക്കുന്നില്ല. മധ്യനിരയുടെ മോശം പ്രകടനം മൂലം സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ മികവിനൊത്ത് ഉയരാന്‍ ഷാരൂഖ് ഖാനും കഴിയുന്നില്ല. താരത്തിന്‍റെ ഭേദപ്പെട്ട പ്രകടനങ്ങളാണ് ടീമിനെ പല നാണക്കേടുകളിൽ നിന്നും രക്ഷപ്പെടുത്തിയത്. ബൗളിങ് നിരയിൽ മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ നന്നായി തല്ലുവാങ്ങുന്നു. അര്‍ഷദീപ് സിങ്ങിന്റെ പ്രകടനം മാത്രമാണ് ബൗളിങ്ങില്‍ പഞ്ചാബിന് ആശ്വസിക്കാനുള്ളത്. സ്പിന്നില്‍ മുരുഗന്‍ അശ്വിനും ഭേദപ്പെട്ട് നില്‍ക്കുന്നു. മുംബൈക്കെതിരേ നിക്കോളാസ് പൂരാന് വിശ്രമം നല്‍കി ഡേവിഡ് മലാനെ പഞ്ചാബ് കളിപ്പിച്ചേക്കും.
advertisement
മറുവശത്ത്, മധ്യനിരയുടെ സ്ഥിരതയില്ലായ്മ തന്നെയാണ് മുംബൈയും നേരിടുന്ന പ്രശ്നം. രോഹിത് ശർമ, സൂര്യകുമാര്‍ യാദവ് എന്നീ രണ്ട് പേര്‍ പുറത്തായാല്‍ മുംബൈയും തകര്‍ച്ച നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, ക്വിന്‍റന്‍ ഡീകോക്ക്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊന്നും മികവിനൊത്ത്‍ ഉയരാനാവുന്നില്ല. ബൗളിംഗ് നിരയുടെ മികച്ച പ്രകടനത്തിന്‍റെ ബലത്തിലാണ് മുംബൈ വിജയങ്ങൾ സ്വന്തമാക്കുന്നത്.
ഡല്‍ഹിക്കെതിരായ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കുന്നതില്‍ മുംബൈയുടെ മധ്യനിര പരാജയപ്പെട്ടു. ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, ട്രന്‍റ് ബോള്‍ട്ട് കൂട്ടുകെട്ട് ഫോമിലാണ്. രാഹുല്‍ ചഹാറും സ്പിന്നില്‍ മികവ് കാട്ടുന്നുണ്ട്. മധ്യനിരയില്‍ ഫോം കണ്ടെത്താൻ പാട് പെടുന്ന ഇഷാന്‍ കിഷന് പകരക്കാരനായി സൗരഭ് തിവാരി എത്തിയേക്കും.
26 മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ മത്സരങ്ങളിൽ 14 തവണ ജയിക്കാന്‍ രോഹിത് ശര്‍മക്കും സംഘത്തിനും സാധിച്ചിട്ടുണ്ട്. 12 തവണയാണ് പഞ്ചാബ് കിങ്‌സ് ജയിച്ചത്. നിലവിലെ ഫോമില്‍ അല്‍പ്പം മുന്‍തൂക്കം മുംബൈക്കുണ്ടെങ്കിലും പഞ്ചാബിനെ എഴുതിത്തള്ളാനാവില്ല. ടൂർണമെന്‍റിലെ മികവുറ്റ ബാറ്റിംഗ് നിരയുള്ള അവർക്ക് ഫോമിലേക്ക് തിരിച്ചെത്താൻ ഒരു മത്സരം മാത്രം മതിയാകും.
വൈകീട്ട് 7.30ന് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തൽസമയം.
Summary- Mumbai Indians and Punjab Kings comes face to face in a must win encounter
