153 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് കൊല്‍ക്കത്തക്ക് മുന്നില്‍ മുംബൈ വച്ച് നീട്ടിയത്. 72ന് ഒന്ന് എന്ന ശക്തമായ നിലയില്‍ നിന്നാണ് കൊല്‍ക്കത്ത അവിശ്വസനീയമാംവിധം തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് 28 പന്തില്‍ നിന്ന് 31 റണ്‍സ് മാത്രമേ അവര്‍ക്ക് ആവശ്യമായിരുന്നുള്ളൂ. പക്ഷെ ഉജ്ജ്വലമായി പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ കൊല്‍ക്കത്തയെ 142 എന്ന സ്‌കോറില്‍ ഒതുക്കി. നിര്‍ണായക ഘട്ടത്തില്‍ റണ്‍സിന്റെ ഒഴുക്ക് നിയന്ത്രിച്ച് നിര്‍ത്താനും വിക്കറ്റുകള്‍ വീഴ്ത്താനും മുംബൈ ബൗളര്‍മാര്‍ക്ക് സാധിച്ചത് കൊണ്ടാണ് കളിയില്‍ അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത്. മുംബൈ ബൗളര്‍മാരുടെ പന്തുകള്‍ക്ക് കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാരുടെ കയ്യില്‍ മറുപടിയും ഉണ്ടായിരുന്നില്ല.
advertisement
മുംബൈക്കായി പന്ത് കൊണ്ട് തിളങ്ങിയ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറാണ് അവരുടെ പ്രധാന വിജയശില്പി. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മത്സരശേഷം തന്റെ പ്രകടനത്തിന്റെ മൊത്തം ക്രെഡിറ്റും നായകന്‍ രോഹിത് ശര്‍മയ്ക്കാണ് രാഹുല്‍ ചഹര്‍ സമർപ്പിച്ചത്.
Also Read- IPL 2021 | ഐ പി എല്ലില്‍ ഏഴ് വര്‍ഷത്തിന് ശേഷം ബൗളറായി രോഹിത് ശര്‍മ; കാലിന് പരിക്ക്
"ഓരോ താരത്തിലും രോഹിത് ശര്‍മ അര്‍പ്പിക്കുന്ന വിശ്വാസം ടീമിന്റെ പോരാട്ടവീര്യത്തെ സ്വാധീനിക്കുന്നുണ്ട്. മത്സരത്തിനിടെ പലപ്പോഴും എനിക്ക് ആത്മവിശ്വാസം കുറയാറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ രോഹിത് ശര്‍മ അടുത്തെത്തി പന്തെറിയാന്‍ ആവശ്യപ്പെടും; മറ്റൊരു നായകനും ടീമിലെ സഹതാരങ്ങളെ ഇത്രയേറെ പിന്തുണയ്ക്കാറില്ല." രാഹുല്‍ ചഹര്‍ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സ്‌ക്വാഡിലെ താരങ്ങളെ ഓഫ് സീസണിലും കാര്യമായി പരിഗണിക്കാറുണ്ട്. അതുകൊണ്ട് അവർക്ക് ഫ്രാഞ്ചൈസിയുമായി വളരെയേറെ ദൃഢമായ ആത്മബന്ധവും ഉണ്ട്. മുംബൈയുടെ പ്രധാന വിജയരഹസ്യവും ഇതുതന്നെയെന്ന് രാഹുല്‍ ചഹര്‍ ചൊവാഴ്ച്ച വെളിപ്പെടുത്തുകയുണ്ടായി. എന്തായാലും ഈ സംഭവം പ്രശസ്ത ക്രിക്കറ്റ് കമ്മന്റേറ്ററായ ഹര്‍ഷാ ഭോഗ്ലേ ഏറ്റുപിടിച്ചിരിക്കുകയാണ്. കളിക്കാരോടുള്ള മുംബൈ ഫ്രാഞ്ചൈസിയുടെ സമീപനത്തെ പരസ്യമായി ട്വിറ്ററില്‍ കൂടി പ്രശംസിക്കുക കൂടിയുണ്ടായി ഭോഗ്ലെ.
ടീമിലെ കളിക്കാരില്‍ മുംബൈ നായകന്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് മുംബൈ ഫ്രാഞ്ചൈസിയുടെ പ്രധാന വിജയം. മുംബൈ ഫ്രാഞ്ചൈസിയില്‍ നിന്ന് മാത്രം നിരവധി താരങ്ങള്‍ ക്രിക്കറ്റില്‍ ഉയർന്ന തലങ്ങളിലേക്ക് വളരുന്നതെങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരവും ഈ സമീപനംതന്നെ, ഭോഗ്ലെ അഭിപ്രായപ്പെട്ടു. ഐപിഎല്ലിൽ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ ചരിത്രത്തില്‍ അവർ തവണ കിരീടം നേടിയിട്ടുണ്ട്. ഈ അഞ്ച് തവണയും രോഹിത് ശര്‍മ തന്നെയായിരുന്നു മുംബൈയുടെ നായകന്‍. ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാർ മുംബൈ തന്നെയാണ്. 2019ലും 2020ലും കിരീടം നേടിയ അവർ തുടർച്ചയായി മൂന്നാം കിരീടം തേടിയാണ് ഈ സീസണിൽ ഇറങ്ങിയിരിക്കുന്നത്. സീസണിൽ കിരീട സാധ്യത കൂടുതൽ കൽപിക്കുപ്പെടുന്ന ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. സീസണിലെ ആദ്യ മത്സരം തോറ്റ് തുടങ്ങിയ മുംബൈ രണ്ടാം മത്സരത്തിൽ കൊൽക്കത്തക്കെതിരെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഏപ്രിൽ17 -ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം.
Summary- Harsha Bhogle reveals the reason why players grow in the Mumbai Indians Franchise
