IPL 2021 | ഐ പി എല്ലില്‍ ഏഴ് വര്‍ഷത്തിന് ശേഷം ബൗളറായി രോഹിത് ശര്‍മ; കാലിന് പരിക്ക്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പന്തെറിയാനെത്തി ആദ്യ പന്ത് എറിഞ്ഞപ്പോള്‍ തന്നെ രോഹിതിന്റെ കാല്‍ക്കുഴ മടങ്ങുകയായിരുന്നു
ഐ പി എല്ലിലെ നിലവിലെ ചാമ്പ്യന്‍മാരുടെ യഥാര്‍ത്ഥ ശക്തി തുറന്നു കാണിച്ച പ്രകടനമായിരുന്നു ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരെ രോഹിത്തിന്റെ നേതൃത്വത്തില്‍ മുംബൈ ടീം പുറത്തെടുത്തത്. 152 എന്ന ചെറിയ സ്‌കോറിലേക്കൊതുങ്ങിയിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 10 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് മുംബൈ നേടിയത്. രോഹിത് ശര്‍മ എന്ന നായകന്റെ മനസറിഞ്ഞ് പന്തെറിയുന്ന മുംബൈയുടെ ബൗളിങ് നിരയ്ക്ക് മുന്നില്‍ കെ കെ ആറിന്റെ കൂറ്റനടിക്കാര്‍ വരെ അടിയറവ് പറഞ്ഞു. ടൂര്‍ണമെന്റിലെ ആദ്യ ജയമാണ് മുംബൈ ഇതിലൂടെ നേടിയത്. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു.
ഇന്നലത്തെ മത്സരത്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗള്‍ ചെയ്തിരുന്നു. ഒമ്പത് റണ്‍സാണ് രോഹിത് വിട്ടുകൊടുത്തത്. എന്നാല്‍ പന്തെറിയുന്നതിനിടെ രോഹിതിന്റെ കാല്‍ക്കുഴക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് ശേഷവും രോഹിത് ഫീല്‍ഡിങ് തുടര്‍ന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. പന്തെറിയാനെത്തി ആദ്യ പന്ത് എറിഞ്ഞപ്പോള്‍ തന്നെ രോഹിതിന്റെ കാല്‍ക്കുഴ മടങ്ങുകയായിരുന്നു.
2014ലാണ് ഇതിന് മുമ്പ് അവസാനമായി രോഹിത് ഐ പി എല്ലില്‍ പന്തെറിഞ്ഞത്.ആര്‍ സി ബിക്കെതിരെയായിരുന്നു ഇത്. ആറ് റണ്‍സ് മാത്രമായിരുന്നു അദ്ദേഹം അന്ന് വിട്ടുനല്‍കിയത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പന്തെറിഞ്ഞതിനാല്‍ത്തന്നെ അദ്ദേഹത്തിന് അല്‍പ്പം പ്രയാസപ്പെടേണ്ടി വന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാത്തതിനാലാണ് രോഹിതിന് പന്തെടുക്കേണ്ടതായി വന്നത്. ഹാര്‍ദിക് പാണ്ഡ്യ ഉടന്‍ തന്നെ ബൗളിങ്ങിലേക്ക് തിരിച്ചെത്തുമെന്ന് മുംബൈ ടീം ഡയറക്ടര്‍ സഹീര്‍ ഖാന്‍ അറിയിച്ചിരുന്നു.
advertisement
കീറോണ്‍ പൊള്ളാര്‍ഡിന് ഓവര്‍ നല്‍കിയപ്പോള്‍ 12 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. അതിനാലാണ് പരീക്ഷണത്തിന് രോഹിത് തന്നെ പന്തെറിയാനെത്തിയത്. ഐ പി എല്ലില്‍ ഹാട്രിക് നേടിയിട്ടുള്ള ബൗളറാണ് രോഹിത് ശര്‍മ. ഡെക്കാന്‍ ചാര്‍ജേഴ്സിനുവേണ്ടി കളിക്കവെയാണ് രോഹിതിന്റെ ഈ പ്രകടനം. ഈ വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വരെ മുംബൈ ഇന്ത്യന്‍സിനെതിരായ ഒരു ബൗളറുടെ മികച്ച പ്രകടനമെന്ന റെക്കോഡ് രോഹിതിന്റെ പേരിലായിരുന്നു. 6 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയിട്ടുള്ളത്
തകര്‍പ്പന്‍ ബാറ്റിങ് നിര മാത്രമല്ല ബൗളിംഗിന്റെ കാര്യത്തിലും ഐ പി എല്ലില്‍ മികച്ച താരനിര ഉള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന പ്രകടനമായിരുന്നു ഇന്നലത്തെത്. ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ എറിഞ്ഞ 18,19, 20 ഓവറുകളില്‍ കെ കെ ആറിന്റെ പ്രതീക്ഷകളെല്ലാം ചിറകറ്റ് വീഴുകയായിരുന്നു. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു കെ കെ ആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബോള്‍ട്ട് എറിഞ്ഞ ആ ഓവറില്‍ നാലുറണ്‍സ് മാത്രമാണ് കൊല്‍ക്കത്ത നേടിയത്. കൂടാതെ രണ്ട് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. നാല് ഓവറില്‍ 27 റണ്‍സിന് നാല് വിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറിന്റെ പ്രകടനമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.
Location :
First Published :
April 14, 2021 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഐ പി എല്ലില്‍ ഏഴ് വര്‍ഷത്തിന് ശേഷം ബൗളറായി രോഹിത് ശര്‍മ; കാലിന് പരിക്ക്


