ന്യൂസിലാന്റിന്റെ ട്രെന്റ് ബോൾട്ട്, ഇന്ത്യയുടെ ജസ്പ്രീത് ബുംറ എന്നിവർ നയിക്കുന്ന മികച്ച ബോളിംഗ് നിരയും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് ബാറ്റിംഗ് നിരയും മുംബൈക്ക് ഉണ്ട്. ഇതോടൊപ്പം ഓൾ റൗണ്ടറായ ഹർദ്ദിക്ക് പാണ്ഡ്യയും ബോളിംഗ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നതും ടീമിനെ സംബന്ധിച്ച് നേട്ടമാണ്- ഗവാസ്ക്കർ വിശദമാക്കി.
advertisement
വലം കയ്യൻ മീഡിയം പേസറായ ഹർദ്ദിക്ക് പാണ്ഡ്യ 17 ഓവറാണ് ഇംഗ്ലണ്ടിനെതിരായ ടി20 സീരീസിൽ എറിഞ്ഞത്. പരമ്പര 3-2 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 9 ഓവർ താരം ബോളിംഗ് ചെയ്തു. മികച്ച ഇക്കോണമി റേറ്റിൽ പന്തെറിഞ്ഞ താരം വിജയത്തിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യയാണ് നേടിയത്.
Also Read ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗോൾ മഴ പെയ്യിച്ച് യൂറോപ്യൻ ടീമുകൾ, ബെൽജിയത്തിനും നെതർലൻഡ്‌സിനും തകർപ്പൻ ജയം
ഹർദ്ദിക്ക് പാണ്ഡ്യ ബോളിംഗ് ചെയ്യാൻ ആരംഭിച്ചത് മുംബൈക്ക് മാത്രമല്ല ഇന്ത്യൻ ടീമിനും സന്തോഷം നൽകുന്ന കാര്യമാണ്. ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും അദ്ദേഹത്തിന് ബോൾ ചെയ്യാനാകും. ഫൈനലിന് മാസങ്ങൾ ബാക്കിയുണ്ടെങ്കിലും അദ്ദേഹത്തിന്റെ തിരിച്ചു വരവ് തീർച്ചയായും മുംബൈ ഇന്ത്യൻസിന് എന്ന പോലെ ഇന്ത്യൻ ടീമിനും നല്ലതാണ്- ഗവാസ്കർ പറഞ്ഞു.
പുറത്തെ പരിക്കിനെ തുടർന്ന് കുറച്ച് കാലം ടീമിൽ ഇല്ലാതിരുന്ന പാണ്ഡ്യ തിരിച്ച് വന്നതിന് ശേഷവും ബോളിംഗ് ചെയ്യിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലാണ് അദ്ദേഹം വളരെ നാളുകൾക്ക് ശേഷം ബോളിംഗ് ആരംഭിച്ചത്.
ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമായാണ് മുംബൈ ഇന്ത്യൻസിനെ കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ തവണ കീരീടം സ്വന്തമാക്കിയതും രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസാണ്. 2013, 2015,2017,2019,2020 സീസണുകളിലായി 5 കിരീടങ്ങൾ മുംബൈ ഇന്ത്യൻസിന്റെ പേരിലുണ്ട്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനാണ് രണ്ടാം സ്ഥാനം. 2010,2011,2018 സീസണുകളിലായി മൂന്ന് തവണയാണ് ചെന്നൈ കിരീടം നേടിയത്. ഏറ്റവും കൂടുതൽ തവണ ഫൈനലിൽ എത്തിയ ടീമും ചെന്നൈയാണ്. ഇത്തവണ മുംബൈ ജയിക്കുകയാണെങ്കിൽ തുടർച്ചയായി മൂന്ന് വർഷം കപ്പുയർത്തുന്ന ടീമായി മുംബൈ മാറും. ഏപ്രിൽ 9 ന് ആണ് 2021 സീസൺ ഐപിഎല്ലിന് തുടക്കമാകുന്നത്. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ആദ്യ മത്സരം.
