ക്വാളിഫയറും എലിമിനേറ്ററും സമ്മർദ്ദമേറ്റാൻ സൃഷ്ടിച്ചവയാണെങ്കിലും ഈ രണ്ട് സമ്മർദ്ദ ഘട്ടങ്ങളേയും മറികടക്കാൻ തന്റെ സംഘത്തിന് കഴിയുമെന്നും കോഹ്ലി വ്യക്തമാക്കി. സീസണിൽ ഡല്‍ഹി ക്യാപിറ്റല്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും പിന്നില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായാണ് ആര്‍സിബി ലീഗ് ഘട്ടം പൂര്‍ത്തിയാക്കിയത്. സീസണിൽ മികച്ച പ്രകടനം തന്നെ നടത്തിയ അവർ അവരുടെ കന്നിക്കിരീടമാണ് ലക്ഷ്യം വെക്കുന്നത്. ഈ സീസണ് ശേഷം ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന കോഹ്‌ലി കിരീടത്തോടെ പടിയിറങ്ങുക എന്നത് തന്നെയാണ് ലക്ഷ്യമിടുന്നത്.
advertisement
"ഞങ്ങളുടെ കളിക്കാരിൽ ഞങ്ങൾക്ക് പൂർണമായ വിശ്വാസമുണ്ട്. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയില്ല എന്നത് ഒരു പ്രശ്നമല്ല, നിലവിൽ കിരീടം നേടാൻ ഒരു മത്സരം കൂടി അധികം കളിക്കണം എന്നത് മാത്രമാണ് ഇവിടെ വ്യത്യാസമായുള്ളത്. ലക്ഷ്യം നേടാൻ മുന്നിലുള്ള മത്സരങ്ങൾ ജയിക്കുക എന്നത് മാത്രമാണ് പ്രധാനം. അതിനായി ഞങ്ങൾ തയാറാണ്." - സ്റ്റാർ സ്പോർട്സിൽ ഇൻസൈഡ് ആർസിബി എന്ന സ്പെഷ്യൽ പരിപാടിയിൽ കോഹ്ലി വ്യക്തമാക്കി.
"നിങ്ങള്‍ എല്ലാ തരത്തിലുമുള്ള സാധ്യതകള്‍ക്കായി തയ്യാറെടുക്കുന്നു, ഞാന്‍ കാണുന്നത്, ക്വാളിഫയറുകളും എലിമിനേറ്ററുകളും ഈ മത്സരങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ നിലനില്‍ക്കുന്ന പദങ്ങള്‍ മാത്രമായാണ്, നിങ്ങള്‍ ക്രിക്കറ്റ് കളിക്കുമ്പോൾ, നിങ്ങള്‍ ഒന്നുകില്‍ വിജയിക്കുകയോ തോല്‍ക്കുകയോ ചെയ്യും, അതിനാല്‍ നിങ്ങള്‍ക്ക് മുന്നിൽ രണ്ട് ഓപ്ഷനുകള്‍ (വിജയിക്കുകയോ തോല്‍ക്കുകയോ) ഉണ്ടെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, ആ ചിന്താഗതി ഒരു പക്ഷെ നിങ്ങൾക്ക് തിരിച്ചടി നൽകിയേക്കാം." കോഹ്ലി കൂട്ടിച്ചേര്‍ത്തു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ എലിമിനേറ്ററില്‍ വിജയിക്കുകയും, ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിക്കുകയും ചെയ്താല്‍ ഒക്ടോബർ 15 ന് നടക്കുന്ന ഫൈനലിൽ ആർസിബിക്ക് ചെന്നൈയെ നേരിടാം. ഇതിൽ ജയം നേടിയാൽ അവർക്ക് ആദ്യ ഐപിഎൽ കിരീടം സ്വന്തമാകും.
"ഞങ്ങൾ ശ്രദ്ധ ചെലുത്തുന്നത്, ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കി മത്സരങ്ങൾ ജയിക്കുക എന്നതിലാണ്. ഇവിടെ ഞങ്ങളുടെ മുന്നിൽ ഒരേയൊരു ഓപ്ഷന്‍ മാത്രമാണുള്ളത്. അത് ജയം നേടുക എന്നതാണ്. ജയം മാത്രം ഞങ്ങൾ ലക്ഷ്യം വെക്കുന്നതിനാൽ ടീമിന്റെ പ്രകടനം തന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. ഈ പദ്ധതി നടപ്പിലാക്കാൻ ഞങ്ങൾ ശരിയായ ദിശയിൽ ആണെന്ന് തോന്നുന്നു." - കോഹ്ലി വ്യക്തമാക്കി.