ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിൽ പ്രവേശിക്കാം. തോൽക്കുന്ന ടീമിന് ക്വാളിഫയർ രണ്ടിൽ മത്സരിച്ച് വീണ്ടും ഫൈനൽ യോഗ്യത നേടാനുള്ള ഭാഗ്യപരീക്ഷണം നടത്താം.
ഇന്ന് ഇരുടീമുകളും നേർക്കുനേർ എത്തുമ്പോൾ തമ്മിലുള്ള മത്സര കണക്കിൽ മുൻതൂക്കം ഗുജറാത്തിനാണ്. സീസണിൽ ആദ്യം ഇരുവരും നേർക്കുനേർ വന്ന മത്സരത്തിൽ ജയം ഗുജറാത്തിനൊപ്പമായിരുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെയും (87), ഡേവിഡ് മില്ലറുടെയും (14 പന്തിൽ 31) തകർപ്പൻ പ്രകടങ്ങളുടെ ബലത്തിൽ 192 റൺസ് പടുത്തുയർത്തിയ ഗുജറാത്തിനെതിരെ മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ 155 ൽ ഒതുങ്ങുകയായിരുന്നു. 37 റൺസിന്റെ ജയമാണ് ഗുജറാത്ത് അന്ന് സ്വന്തമാക്കിയത്. ഇതേ ആധിപത്യം തുടരാനാകും ഗുജറാത്ത് ലക്ഷ്യമിടുന്നതെങ്കിൽ തോൽവിക്ക് കണക്ക് വീട്ടാനാകും രാജസ്ഥാന്റെ ലക്ഷ്യം.
advertisement
മത്സര കണക്കുകളിൽ ഒപ്പത്തിനൊപ്പം
അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് കിരീടം സ്വപ്നം കാണുമ്പോൾ ആദ്യ സീസണിലെ കിരീടനേട്ടം ആവർത്തിക്കാനാണ് രാജസ്ഥാൻ ഇറങ്ങുന്നത്. സന്തുലിതമായ ഒരു നിരയാണ് ഇരുടീമുകൾക്കുമുള്ളത്.
ബാറ്റിങ്ങിൽ ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാന്‍ സാഹ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുല്‍ തെവാട്ടിയ എന്നിവർക്ക് ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോൺ ഹെറ്റ്മെയർ, റിയാന്‍ പരാഗ് എന്നിവരിലൂടെയാകും രാജസ്ഥാന്റെ മറുപടി. ഇവർക്ക് പുറമെ അശ്വിനെയും കൂടി ഈ ഗണത്തിലേക്ക് രാജസ്ഥാൻ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്.
ബൗളിങ്ങിൽ ഗുജറാത്ത് മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ എന്നിവരിലൂടെ ആക്രമണം നടത്തുന്ന ഗുജറാത്തിന് അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവറിലൂടെയായിരിക്കും രാജസ്ഥാൻ മറുപടി നൽകുക.
ടോസ് നിർണായകമാകുന്ന ഐപിഎല്ലിൽ അത് നഷ്ടപ്പെട്ടിട്ടും മത്സരങ്ങൾ ജയിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം സഞ്ജുവിന്റെ രാജസ്ഥാനുണ്ട്. ടോസ് നഷ്ടമായിട്ടും എട്ട് മത്സരങ്ങളാണ് രാജസ്ഥാൻ ജയിച്ചത്. അതേസമയം, രണ്ടാമത് ബാറ്റ് ചെയ്ത ഏഴ് മത്സരങ്ങളിൽ ആറെണ്ണത്തിലും ജയിക്കാൻ ഗുജറാത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇന്നത്തെ മത്സരത്തിൽ തോല്‍ക്കുന്ന ടീം രണ്ടാം ക്വാളിഫയറിൽ ലക്‌നൗ സൂപ്പർ ജയൻറ്സ് - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എലിമിനേറ്റർ പോരാട്ടത്തിലെ വിജയികളെ നേരിടും.
