പുതുക്കിപ്പണിത താരനിരയുമായാണ് ഇത്തവണ ഐപിഎലിന് ടീമുകൾ കളിത്തട്ടിലിറങ്ങുന്നത്. അതുകൊണ്ടുതന്നെ ടീമുകളുടെ പ്രകടനം ഏറെ ആകാംക്ഷയോടെയാണ് കളിപ്രേമികൾ ഉറ്റുനോക്കുന്നത്. ഐപിഎല്ലിൽ ചെന്നൈയ്ക്കും കൊൽക്കത്തയ്ക്കും വേണ്ടി കളിച്ചിട്ടുള്ള ഹർഭജൻ സിങ് മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് വിജയിലെ പ്രവചിച്ചിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത ചെന്നൈയെ കീഴടക്കുമെന്നാണ് ഭാജിയുടെ പ്രവചനം.
സ്‌പോർട്‌സ്‌കീഡയുമായുള്ള പാക് പേസർ ഷൊയ്ബ് അക്തറിനൊപ്പമുള്ള സംഭാഷണത്തിലാണ് ഹർഭജന്‍റെ പ്രവചനം, ഇന്നത്തെ മത്സരത്തിൽ തീപ്പൊരി ചിതറാൻ ശേഷിയുള്ള യുവതാരങ്ങൾ ഒപ്പമുള്ളതാണ് കൊൽക്കത്തയ്ക്ക് മുൻതൂക്കം നൽകുന്നതെന്ന് ഹർഭജൻ പറഞ്ഞു.
advertisement
“ഇത്തവണ കെകെആർ വൻ ശക്തികളാണെന്ന് ഞാൻ കരുതുന്നു, കാരണം അവർ ഒരു യുവനിരയും അനുഭവസമ്പത്തുള്ള കളിക്കാരും ഇടകലർന്ന സംഘമാണ്. നിലവാരമുള്ള രണ്ട് സ്പിന്നർമാർക്കൊപ്പം മികച്ച ഹിറ്റർമാരും അവർക്കുണ്ട്. അതുകൊണ്ട് തന്നെ കെകെആർ സിഎസ്‌കെയെ തോൽപ്പിക്കുമെന്ന് എനിക്ക് തോന്നുന്നു,” ഹർഭജൻ പറഞ്ഞതായി സ്‌പോർട്‌സ്‌കീഡ റിപ്പോർട്ട് ചെയ്തു.
“രണ്ട് ടീമുകൾക്കും പ്രത്യേക സ്ഥാനമുണ്ട്. രണ്ട് ഫ്രാഞ്ചൈസികളും ഞാൻ കളിക്കുമ്പോൾ എന്നെ നല്ല രീതിയിൽ പരിഗണിച്ചവരാണ്. ഞാൻ CSK യിൽ കളിച്ചപ്പോൾ ആരാധകർ അവരുടെ എല്ലാ സ്നേഹവും നൽകി. കഴിഞ്ഞ വർഷം ഞാൻ കെകെആറിനൊപ്പമായിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം അധികം കളിച്ചില്ലെങ്കിലും അവരെ മാനസികമായി പരമാവധി സഹായിക്കാൻ ശ്രമിച്ചു. രണ്ട് ടീമുകളും എനിക്ക് പ്രിയപ്പെട്ടവരാണ്, എന്നാൽ വിജയിക്കുന്ന ഒരു ടീമിനെ തിരഞ്ഞെടുക്കണമെങ്കിൽ ഞാൻ കെകെആറിനൊപ്പം പോകേണ്ടിവരും. അവർക്ക് വിജയിക്കാൻ പറ്റിയ ടീമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

