ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശങ്ങളുടെ ദിനങ്ങൾ. ഐപിഎൽ 2022ന് കൊടിയേറാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. രവീന്ദ്ര ജഡേജ നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് ശ്രേയസ് അയ്യർ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. നിമിഷങ്ങൾക്കുള്ളിൽ കളിയുടെ ഗതി മാറ്റാൻ കഴിയുന്ന താരങ്ങൾ ഇരു ടീമുകളിലുമുണ്ട്.
സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ആദ്യമായാണ് ചെന്നൈ ടീമിനെ നയിക്കുന്നത്. എല്ലാ സീസണിലെയും പോലെ ഇത്തവണയും ജഡ്ഡുവിൽ വലിയ പ്രതീക്ഷകളാണ് ടീമിനും ആരാധകർക്കുമുള്ളത്. പന്ത് കൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് ജഡേജയ്ക്കുണ്ട്. മുൻകാലങ്ങളിലും തന്റെ ഓൾറൗണ്ട് ഷോയിൽ കളിയെ നിയന്ത്രിക്കാൻ ജഡ്ഡുവിനായിട്ടുണ്ട്. ലീഗിൽ 200 മത്സരങ്ങൾ കളിച്ച ജഡേജ 2386 റൺസും 127 വിക്കറ്റുകളും നേടിയിട്ടുണ്ട്. (CSK Instagram)
ശ്രേയസ് അയ്യർ വീണ്ടും നായകനായി എത്തുകയാണ്. അദ്ദേഹം ആദ്യമായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനാകുന്നത്. ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിച്ചിട്ടുണ്ട്. ബാറ്റിങ്ങിൽ മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം. ആകെ 87 മത്സരങ്ങൾ കളിച്ച അയ്യർ, 16 അർധ സെഞ്ചുറികൾ ഉൾപ്പെടെ 123.95 സ്ട്രൈക്ക് റേറ്റിൽ 2375 റൺസ് നേടി. 96 റൺസായിരുന്നു മികച്ച സ്‌കോർ. പരിക്ക് കാരണം കഴിഞ്ഞ സീസണിൽ വെറും 8 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്.
കളിയുടെ കുഞ്ഞ് ഫോർമാറ്റിൽ നിമിഷങ്ങൾ കൊണ്ട് കളി മാറ്റിമറിക്കാൻ കഴിയുന്ന ഏറ്റവും അപകടകാരിയായ താരമാണ് ആന്ദ്രെ റസ്സൽ. പന്ത് കൊണ്ടും ബാറ്റുകൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുന്ന പ്ലേയർ. പ്രത്യേകിച്ച് അവസാന ഓവറുകളിൽ ശക്തമായ ഹിറ്റിങ്ങിലൂടെ എതിർ ബൗളർമാർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകാൻ റസ്സലിന് കഴിയും. എന്നിരുന്നാലും, ഫിറ്റ്നസ് മാത്രമാണ് റസ്സലിന്റെ പ്രശ്നം. സീസണ് മുഴുവനും ശരീര ക്ഷമത നിലനിർത്താനായാൽ ടീമിന്റെ നട്ടെല്ലാകാൻ അദ്ദേഹത്തിന് കഴിയും. റസ്സൽ ഇതുവരെ 84 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 178-ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 1700 റൺസ് നേടിയിട്ടുണ്ട്. 72 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.
യുവ ബാറ്റ്‌സ്മാൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ ആറ് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് നിലനിർത്തുകയായിരുന്നു. ടോപ് ഓർഡറിലെ പ്രധാന താരം. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് ഹോൾഡറുമാണ്. ഐപിഎല്ലിൽ ഗെയ്‌ക്‌വാദിന്റെ നാലാം സീസണാണിത്. എന്നിരുന്നാലും, 2019 വരെ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 4 അർധസെഞ്ചുറിയും സഹിതം 635 റൺസാണ് താരം നേടിയത്. (AFP)
വെങ്കിടേഷ് അയ്യരെ എട്ട് കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയത്. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ താരത്തിന് തിളങ്ങാനാകും. വെസ്റ്റ് ഇൻഡീസിനെതിരെ കൊൽക്കത്തയിൽ നടന്ന ടി20 മത്സരത്തിൽ 2 വിക്കറ്റും 35 റൺസും നേടി പുറത്താകാതെ നിന്നു. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 370 റൺസ് നേടിയ താരം 3 വിക്കറ്റും നേടിയിരുന്നു. ഓപ്പണിംഗ് അല്ലെങ്കിൽ ഫിനിഷിംഗ് റോൾ ഫലപ്രദമായി നിർവഹിക്കാൻ വെങ്കിടേഷ് അയ്യർക്ക് കഴിയും. (AFP)