ഒട്ടേറെ മത്സരങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ആളും ആരവവുമൊഴിഞ്ഞ ഗാലറിയിലെ കാണിയായി ഇരിക്കേണ്ടിവന്ന അനുഭവത്തെ കുറിച്ച് മോഹൻലാൽ എഴുതുന്നു. മനോരമയിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പ് ചുവടെ:
"ഞാൻ പല സ്റ്റേഡിയങ്ങളിലും കളി കണ്ടിട്ടുണ്ട്. പക്ഷേ ഈ ഐ.പി.എൽ. ഫൈനൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സ്റ്റേഡിയത്തിന്റെ അലറി മറിയുന്ന ലഹരിയായിരുന്നു എക്കാലവും കളിയുടെ ലഹരിക്കും മുൻപ് തലയ്ക്കു പിടിക്കുന്നത്. ഫുട്ബോളിലായാലും ക്രിക്കറ്റിലായാലും റഗ്ബിയിലായാലും ഇതിനു മാറ്റമില്ല. സ്റ്റേഡിയത്തിൽ ഇരിക്കുമ്പോൾ എല്ലാവർക്കും ഒരു മനസ്സാണ്. എന്നാൽ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഐ.പി.എൽ. ഫൈനലിന് ആരവവും ആളും ഇല്ലാതെ ഇരിക്കുന്നത് വേറെ ഒരു അനുഭവമാണ്. കളിക്ക് കളിയുടെ ലഹരിയുണ്ട്. അത് നേരിൽ കാണുന്നത് വല്ലാത്ത അനുഭവവുമാണ്. അതിലൂടെ തന്നെയാണ് ഞാൻ കടന്നുപോയത്. എന്നാൽ ആദ്യ പന്തിൽ തന്നെ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീണപ്പോഴാണ് ശരിക്കും ഞെട്ടിയത്. സ്റ്റേഡിയത്തിൽ എമ്പാടും നിശബ്ദത. മുമ്പായിരുന്നെങ്കിൽ വിക്കറ്റ് വീണ ആ നിമിഷം ഒരു വെടിക്കെട്ട് പോലെ ഇവിടം കുലുങ്ങിയേനെ. കാലിയായ ഗ്യാലറികൾക്ക് നടുവിലാണല്ലോ ഞാൻ ഇരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ ഞെട്ടൽ ഇപ്പോഴും ഉള്ളിൽ ഉണ്ട്. പക്ഷേ ആ നിശബ്ദതയ്ക്കു മേലെയായിരുന്നു ഈ ഐ.പി.എൽ. ഫൈനൽ നൽകിയ അനുഭവം. ഓരോ പന്തിലും ആവേശം നിറച്ച ഫൈനൽ."
advertisement