ചരിത്രത്തിലാദ്യമായി അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്ത് പോയ ധോണിയും കൂട്ടരും ഇത്തവണ ഗംഭീര മറുപടി പ്രകടനവുമായാണ് ടൂര്‍ണമെന്റില്‍ നീങ്ങിക്കൊണ്ടിരുന്നത്. ടീമിലെ ശ്രദ്ധേയമായ ഒരു മാറ്റം ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയുടെ കടന്നു വരവായിരുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും തുടക്കം മുതലേ താരം ആരാധക പ്രശംസ ഏറ്റുവാങ്ങി.
ഇംഗ്ലണ്ട് ടീമില്‍ ആറും ഏഴും പൊസിഷനുകളില്‍ ബാറ്റ് ചെയ്യുന്ന ഒരു താരത്തെ മുന്‍നിരയിലേക്കു കൊണ്ടുവന്നതില്‍ ധോണി കാണിച്ച ചങ്കൂറ്റം അപാരമാണ്. കഴിഞ്ഞ തവണ അതിവേഗം റണ്ണെടുക്കാനാവാതെ പതിയ സിഎസ്‌കെയ്ക്കു വേണ്ടി ഈ സീസണില്‍ ഈ റോള്‍ ഏറ്റെടുത്തിരിക്കുകയാണ് അലി. ഈ നീക്കമാണ് ഈ സീസണിലെ ചെന്നൈ ടീമിനെ കഴിഞ്ഞ സീസണിലെ ചെന്നൈ ടീമില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ചെന്നൈ ടീമിന്റെ 'ചിന്നത്തല' കാലങ്ങളായി കൈവശം വച്ചു പോന്നിരുന്ന ടീമിലെ മൂന്നാം നമ്പറാണ് അലി കരസ്ഥമാക്കിയത്. ആദ്യ ഇന്നിങ്സിലെ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ റെയ്നയില്‍ നിന്നും വലിയ സംഭാവനകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അലിയാവട്ടെ കളിച്ച എല്ലാ മല്‍സരങ്ങളിലും ഇംപാക്ടുണ്ടാക്കി സി എസ് കെയുടെ വാഴ്ത്തപ്പെടാത്ത ഹീറോയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ അലിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ടീമിന്റെയും സി എസ് കെയുടെയും സ്റ്റാര്‍ പേസറായിരുന്ന ആശിഷ് നെഹ്റ.
advertisement
മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സയിദ് അന്‍വറിന്റെ പ്രകടനം അനുസ്മരിപ്പിക്കുന്നതാണ് അലിയുടെ പ്രകടനമെന്നാണ് നെഹ്റ അഭിപ്രായപ്പെടുന്നത്. 'മൊയീന്‍ വളരെ അനായാസമായി കളിക്കുന്ന വ്യക്തിത്വമുള്ള ആളാണ്. സയിദ് അന്‍വറിന്റെ ശൈലിയുടെ ഭാഗങ്ങള്‍ അവന്റെ ബാറ്റിങ്ങില്‍ ഞാന്‍ കാണുന്നു. സമ്മര്‍ദ്ദത്തിലായി ഒരിക്കലും അവനെ കണ്ടിട്ടില്ല. ധോണി അവനെ നന്നായി ഉപയോഗിക്കുകയും ചെയ്തു. നേരത്തെ 30, 40 റണ്‍സ് എന്നതായിരുന്നു അവന്റെ കണക്കെങ്കില്‍ ഇന്നത് മറികടക്കുന്നവനായി മൊയീന്‍ മാറി. ബാറ്റുകൊണ്ടും പന്തും സംഭാവന ചെയ്യാന്‍ കഴിവുള്ള മോയിനെപ്പോലെയുള്ള താരങ്ങളുണ്ടെങ്കില്‍ കാര്യങ്ങള്‍ ചെന്നൈക്കനുകൂലമാക്കി മാറ്റാന്‍ സാധിക്കും'- നെഹ്റ പറഞ്ഞു.
IPL 2021| കൂടുതൽ താരങ്ങൾക്ക് കോവിഡ്; ഐപിഎല്‍ നിര്‍ത്തിവെച്ചു
ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ സ്ഥിര സാന്നിധ്യമല്ലാത്ത മൊയീന്‍ അലി, ചെന്നൈ ടീമില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങി ആറ് ഇന്നിങ്സില്‍ നിന്ന് 206 റണ്‍സ് ഇതിനോടകം അടിച്ചെടുത്തു. 157.25 എന്ന ഉയര്‍ന്ന സ്ട്രൈക്കറേറ്റിലാണ് മോയിന്റെ ബാറ്റിങ് പ്രകടനം. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ അവസരം ലഭിക്കാതെ കാഴ്ചക്കാരനായി ഒതുങ്ങേണ്ടിവന്ന അലിയാണ് സി എസ് കെയിലെത്തിയപ്പോള്‍ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുന്നത്.

