ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ് ശിക്ഷ വിധിച്ച് പത്രകുറിപ്പ് പുറത്തിറക്കിയത്. നിലവില്‍ 90 മിനുട്ടാണ് ഒരു ഇന്നിങ്‌സിന് അനുവദിച്ചിരിക്കുന്ന സമയം. ഈ സമയത്തിനുള്ളിൽ ബൗളിംഗ് ടീം അവരുടെ 20 ഓവറും തീർത്തിരിക്കണം. എന്നാല്‍ ഡല്‍ ഹിക്കെതിരായ മത്സരത്തിൽ മുംബൈ 20 ഓവർ എറിയാൻ അധിക സമയമെടുത്തതോടെയാണ് രോഹിതിന് പിഴ ലഭിച്ചത്.
'ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീം കുറഞ്ഞ ഓവര്‍ നിരക്ക് വഴങ്ങിയിരിക്കുന്നതിനാല്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഫൈന്‍ നല്‍കുന്നു. മുംബൈ ഈ സീസണില്‍ നടത്തുന്ന ആദ്യത്തെ നിയമലംഘനമാണിത്. നിയമലംഘനത്തിന് ശിക്ഷയായി രോഹിത് ശര്‍മക്ക് 12 ലക്ഷം പിഴ വിധിക്കുന്നു'-പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
advertisement
മുംബൈ 137 റണ്‍സ് മാത്രമെടുത്ത മത്സരത്തില്‍ ഡല്‍ഹിയെ പ്രതിരോധിച്ച് നിര്‍ത്താനായി ക്യാപ്റ്റനെന്ന നിലയില്‍ മുംബൈ നായകനായ രോഹിത് കൂടുതല്‍ സമയമെടുത്തതാണ് തിരിച്ചടിയായത്.
ഈ സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഒരു ഇന്നിങ്‌സ് തീര്‍ക്കാന്‍ പരമാവധി 90 മിനുട്ടെന്ന നിയമം ബിസിസിഐയും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലും ചേര്‍ന്ന് കൊണ്ടുവന്നത്. ആദ്യമായി കുറഞ്ഞ ഓവര്‍ നിരക്ക് വരുത്തുമ്പോള്‍ 12 ലക്ഷമാണ് പിഴയെങ്കില്‍ രണ്ടാം തവണ ഇരട്ടിയാവും,അതായത് 24 ലക്ഷം രൂപ ടീം ക്യാപ്റ്റന്‍ പിഴയായി നല്‍കേണ്ടി വരും. കൂടാതെ ടീമിലെ സഹതാരങ്ങള്‍ മാച്ച് ഫീയുടെ 25 ശതമാനവും പിഴയായി നല്‍കേണ്ടി വരും. ഇത് ഏകദേശം 6 ലക്ഷം രൂപയോളം വരും.
Also Read- 'മങ്കാദിങ്' നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ വേണം; തുറന്നടിച്ച് ഹർഷ ഭോഗ്ലെ
സീസണിന്റെ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിക്കും കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ശിക്ഷ ലഭിച്ചിരുന്നു. 12 ലക്ഷമാണ് ധോണിയും പിഴ നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത മത്സരം ഏറ്റവും വേഗത്തില്‍ ഓവര്‍ എറിഞ്ഞ് തീര്‍ത്ത് ധോണി മാതൃകയായിരുന്നു. ഒരു തവണ പിഴ ശിക്ഷ ലഭിച്ചതിനാല്‍ത്തന്നെ ഇനിയുള്ള മത്സരങ്ങളില്‍ ക്യാപ്റ്റന്‍മാര്‍ കരുതിയിറങ്ങുമെന്നുറപ്പാണ്.
ഡൽഹിക്കെതിരായ മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ തോൽവി. മുംബൈ മുന്നോട്ട് വച്ച 138 എന്ന ചെറിയ വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിര്‍ത്തിയാണ് ഡല്‍ഹി മറികടന്നത്. ശിഖര്‍ ധവാന്‍ (45), സ്റ്റീവ് സ്മിത്ത് (33) എന്നിവരുടെ ബാറ്റിങ്ങാണ് ഡല്‍ഹിയുടെ വിജയം ഉറപ്പാക്കിയത്. ലളിത് യാദവ് (22), ഷിംറോന്‍ ഹെറ്റ്‌മെയര്‍ (14) എന്നിവർ പുറത്താവാതെ നിന്ന് ടീമിനെ വിജയിപ്പിച്ചു.
നേരത്തെ, ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് മുംബൈയെ തകര്‍ത്തത്. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്തായിരുന്നു മിശ്രയുടെ നാല് വിക്കറ്റ് പ്രകടനം. മുംബൈ നിരയിലെ ഏറ്റവും അപകടകാരികളുടെ വിക്കറ്റുകളാണ് താരം നേടിയത്. ഇത് തന്നെയാണ് മത്സരത്തിൽ നിർണായകമായതും. ക്യാപ്റ്റൻ രോഹിത് ശര്‍മയും (44), സൂര്യകുമാർ യാദവും മാത്രമാണ് മുംബൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇഷാൻ കിഷനും ജയന്ത് യാദവും ചേർന്ന് നടത്തിയ ചെറുത്ത്നിൽപ്പ് ഇല്ലായിരുന്നുവെങ്കിൽ വളരെ ചെറിയ സ്കോറിന് തന്നെ നിലവിലെ ചാമ്പ്യൻമാർ പുറത്താകുമായിരുന്നു.
