കൊച്ചി: ഗള്‍ഫില്‍ മലയാളികള്‍ ഉള്‍പ്പെട്ട 3000 കോടി രൂപയുടെ വായ്പാതട്ടിപ്പ് കേസില്‍ അന്വേഷണം കേരളത്തിലേക്ക്. കേരളത്തിന് പുറത്ത് നിന്നുള്ളവരും കേസില്‍ ഉള്‍പ്പെട്ടതിനാല്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് യുഎഇ ബാങ്കുകള്‍ ആവശ്യപ്പെട്ടു. തട്ടിപ്പിനിരയായ ബാങ്കുകളുടെ പ്രതിനിധികള്‍ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ മൊഴി നല്‍കി.
യുഎഇയിലെ നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ ഖൈമ, നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നിവരാണ് പരാതിക്കാര്‍. 3000 കോടിയിലേറെ രൂപയാണ് ബാങ്കുകൾക്ക് നഷ്ടമായത്. യുഎഇയില്‍ ബിസിനസ് തുടങ്ങാനെന്ന പേരില്‍ ബാങ്ക് വായപ്പകള്‍ തരപ്പെടുത്തുകയും പിന്നീട് വായ്പ തിരിച്ചടക്കാതെ മുങ്ങുകയും ചെയ്ത 46 കമ്പനികള്‍ക്കെതിരേയാണ് കേസ്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമയുടെ രണ്ട് പ്രതിനിധികൾ കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്.
advertisement
അന്വേഷണം നേരിടുന്ന മലയാളികളുടെ എണ്ണം 24 മാത്രമാണെങ്കിലും ഇന്ത്യയില്‍ ആകെ അഞ്ഞൂറോളംപേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ബാങ്കുകൾ നല്‍കുന്ന വിവരം. ഈ സാഹചര്യത്തില്‍ ദേശീയ ഏജന്‍സി കേസ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. വായ്പയെടുത്ത കമ്പനികളുടെ ഉടമകളോട് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു ഹാജരാകാന്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയും നിര്‍ദേശിച്ചിട്ടുണ്ട്.