വി.എസ്സിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് കുടുംബം വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിന്റെ പകര്‍പ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
മുൻകാലങ്ങളിലും സിപിഎം നേതാക്കൾ പത്മ പുരസ്‌കാരങ്ങൾ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. 1992-ൽ ഇഎംഎസ് നമ്പൂതിരിപ്പാട് പത്മവിഭൂഷണും 2002-ൽ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷൺ പുരസ്‌കാരവും നിരസിച്ചിരുന്നു. 2008-ൽ ജ്യോതി ബസു ഭാരതരത്‌നയും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതുപോലെ തന്നെ ഹർകിഷൻ സിങ് സുർജിത്തിന് പത്മഭൂഷൺ നൽകാൻ ധാരണയായ സമയത്ത്, അദ്ദേഹം അത് തിരസ്‌കരിക്കുമെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ 'പത്മവിഭൂഷൺ' അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നൽകാൻ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.
ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണ്. ഈ പുരസ്കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.
എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം.
വി.എസ്സിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്പുകൾക്ക് നന്ദി.
