കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുകയറ്റിയയാളെ ധൈര്യപൂർവം തടഞ്ഞുനിർത്തിയ 72കാരി പ്രഭാവതിയമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് ഈ വിഡിയോയ്ക്ക് ലൈക്കും ഷെയറുമായി രംഗത്തുവന്നത്. വീഡിയോ പുറത്തുവന്നതോടെ പ്രഭാവതി അമ്മയുടെ ഫോണിലേക്ക് അഭിനന്ദന പ്രവാഹമായിരുന്നു. പ്രഭാവതി അമ്മയെ അഭിനന്ദിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തുവന്നിരുന്നു.
എരഞ്ഞിപ്പാലം സിഗ്‌നലിന് സമീപം റോഡിൽ വൻ തിരക്കുള്ള സമയത്താണ് സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുപോകാൻ യാത്രികൻ ശ്രമിച്ചത്. ഇതുകണ്ട പ്രഭാവതി അമ്മ വണ്ടിക്ക് മുന്നിൽ തടസമായി നിന്നു. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് മുന്നറിയിപ്പ് നൽകിയും അവർ അയാളെ റോഡിലേക്ക് തന്നെ തിരിച്ചിറക്കി. കാൽനടക്കാർക്കുള്ള ഫുട്പാത്തിൽ വണ്ടി കയറ്റാൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവർ.
advertisement
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എന്റെ ചെറുപ്പകാലത്ത് ആരെയും കൂസാതെ
പാലാട്ടുതാഴം -ചുള്ളിയോട് റോഡിലൂടെയും
എരഞ്ഞിപ്പാലം -കരിമ്പനപ്പാലം റോഡിലൂടെയും അലങ്കാരങ്ങളേതുമില്ലാതെ തിടുക്കപ്പെട്ട് പോകുന്ന
സ്ത്രീയായിരുന്നു പ്രഭാവതി .
എങ്ങോട്ടാണ് അവർ തിടുക്കപ്പെട്ട് പോകുന്നത് എന്ന് അനേഷിച്ചപ്പോഴാണ് അവർ പാർട്ടി പ്രവർത്തനത്തിന് പോകുകയാണ് എന്നറിഞ്ഞത് .നാട്ടുകാർ അവരെ സ്നേഹപൂർവ്വം പ്രഭേച്ചി എന്ന് വിളിച്ചു .
പിന്നീട് അവർ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു .പക്ഷെ പോരാട്ടവീര്യവും പൗരബോധവും അവരെ വിട്ടുപോയില്ല .
ഇന്നത്തെ പല ചെറുപ്പക്കാർക്കില്ലാത്ത സ്വാതന്ത്ര്യബോധവും പൗരബോധവും
കോഴിക്കോട്ടുകാരനായ എനിക്ക് മാത്രമല്ല
കേരളത്തിനൊന്നാകെ മാതൃകയായി .
അഭിവാദ്യങ്ങൾ പ്രഭേച്ചി
