ക്ഷേത്രവും വിശ്വാസവും ഭക്തിയും ഈ നാട്ടിലെ ലക്ഷോപലക്ഷം വരുന്ന വിശ്വാസി സമൂഹത്തിന്റെ ആശയും അത്താണിയുമാണ്. ശിവനും, വിഷ്ണുവും, ഗണപതിയും, അയ്യപ്പനും, ഭഗവതിയും എന്നിങ്ങിനെ ഓരോ ദുഖത്തിലും അവനെ കരകയറ്റാൻ ഭക്തൻ വിളിച്ചാശ്രയിക്കുന്ന ഒരു മൂർത്തികളും കേവലം കെട്ടുകഥകളല്ല എന്ന് ഓരോ ഭക്തനും ഉറച്ച് വിശ്വസിക്കുന്നു. അത്തരം വിശ്വാസ പ്രമാണങ്ങളാണ് അവരുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. നിങ്ങൾക്ക് ഈശ്വരനിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്.
Also Read – തിരുവനന്തപുരത്തെ എൻഎസ്എസ് നാമജപ യാത്രയ്ക്കെതിരെ പൊലീസ് കേസ്
advertisement
എന്നാൽ ഭരണഘടനാ സ്ഥാനത്തിരുന്നു കൊണ്ട് ഒരു വിഭാഗത്തിന്റെ വിശ്വാസ സങ്കൽപ്പങ്ങളെ തിരഞ്ഞ് പിടിച്ച് അടച്ചാക്ഷേപിക്കുന്നത് തീർത്തും അപലപനീയമാണ്. കേരള സ്പീക്കർ ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ അപഹസിക്കുന്ന വിധം നടത്തിയ പരാമർശത്തിൽ അഖില കേരള തന്ത്രി സമാജം ശക്തമായി പ്രതിഷേധിക്കുന്നു. സ്പീക്കർ എന്ന പദവിയിൽ ഇരിക്കെ ഇത്തരം പ്രസ്താവനകളിൽ ഒരു മത സമൂഹത്തെ മാത്രം അടച്ചാക്ഷേപിക്കുന്നത് നാടിന്റെ തന്നെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നും ചൂണ്ടിക്കാട്ടുന്നു.
വിവാദ പരാമർശം പിൻവലിച്ച് സനാതന ധർമ വിശ്വാസികളോട് എ. എൻ. ഷംസീർ ക്ഷമ ചോദിക്കണം എന്ന് അഖില കേരള തന്ത്രി സമാജം ആവശ്യപ്പെടുന്നു. അദ്ദേഹത്തെ പ്രതിരോധിക്കാൻ എന്ന പേരിൽ അദ്ദേഹത്തിന്റെ പ്രസ്ഥാനം നിരന്തരമായി സനാതന വിശ്വാസികളെ അപകീർത്തിപ്പെടുത്തുന്നത് ദുഖകരവും അപലപനീയവുമാണ്. ഒരു വിഭാഗത്തിന്റെ മത വിശ്വാസങ്ങളെ ഇത്തരത്തിൽ നിരന്തരം അപകീർത്തിപ്പെടുത്തുന്നു എന്നത് ഒരു ബഹുസ്വര സമൂഹത്തിൽ ഭൂഷണമല്ല.
സർക്കാർ ഭരണത്തിൽ വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴീലുളള ആയിരക്കണക്കിന് ഗണപതി ക്ഷേത്രങ്ങളിലെ ഭക്തജനങ്ങളുടെ വികാരം മാനിച്ച് സംസ്ഥാന സർക്കാർ നിശ്ചയമായും ഇതിന് ഒരു സമാധാനം നല്കണം എന്നും അഖില കേരള തന്ത്രി സമാജം ആവശ്യപ്പെടുന്നു.
നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം വില കുറഞ്ഞ പ്രസ്താവനകളുടെ പേരിൽ വർഗ്ഗീയ ചേരിതിരിവിലേക്ക് വിശ്വാസി സമൂഹം തിരിയരുത് എന്നും, ഭാരതത്തിന്റെ ബഹുസ്വരതയ്ക്ക് കോട്ടം തട്ടാതെ ക്ഷേത്ര വിശ്വാസങ്ങളെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട് എന്നും വിശ്വാസി സമൂഹത്തോട് വിനയപുരസരം അഭ്യർത്ഥിക്കുന്നുവെന്നും അഖില കേരള തന്ത്രി സമാജം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.