കായലും കയറും പോൽ ഇഴുകിച്ചേർന്ന ബന്ധമായിരുന്നു തൊഴിലാളികളുമായി ആനത്തലവട്ടം ആനന്ദന്. വെള്ളത്താൽ ചുറ്റപ്പെട്ട ആനത്തലവട്ടം എന്ന തുരുത്തിൽ ജനനം. കയർ ആയിരുന്നു അന്നാട്ടുകാരുടെ ഏക ഉപജീവന മാർഗം. കയറും കയർ തൊഴിലാളികളുമായുമുള്ള അടുപ്പവും നന്നേ ചെറുപ്പത്തിൽ തുടങ്ങി.
ദിവസക്കൂലി എട്ടണയായിരുന്നു കയർ തൊഴിലാളികൾക്ക്. ട്രാവൻകൂർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സമരം തുടങ്ങി. സ്കൂളിൽ പോകും വഴിയും തിരിച്ചുവഴുമ്പോഴും സമരപ്പന്തലിലെത്തി മുദ്രാവാക്യം മുഴക്കി ആനന്ദൻ അവരിലൊരാളായി. പിന്നെ അവരുടെ ആശയും ആവേശവുമായി. എസ്എഫിലൂടെ വിദ്യാർഥി രംഗത്തും സാനിധ്യമറിയിച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾക്കു വേണ്ടി സർവ പ്രതാപിയായ ഹെഡ് മാസ്റ്റർക്കു നേരേ ശബ്ദമുയർത്തി. അധ്യാപകരുടേയും നാട്ടിലെ പ്രമാണിമാരുടേയും കണ്ണിലെ കരടായി.
advertisement
Also Read- സി പി എം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
എസ്എസ്എൽസി പാസായെങ്കിലും സർട്ടിഫിക്കറ്റ് മാസങ്ങളോളം വൈകിച്ചായിരുന്നു ഹെഡ്മാസ്റ്ററുടെ പക പോക്കൽ. ഇതിനിടിയൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1954ലെ പട്ടം താണുപിള്ള സർക്കാർ കയർ തൊഴിലാളികളുടെ ദിവസക്കൂലി ഒരു രൂപയാക്കി. മുതലാളിമാർ അതു നൽകിയില്ല. ഇഎംഎസ് സർക്കാർ വന്നിട്ടും മാറ്റമുണ്ടായില്ല. സ്ത്രീ തൊഴിലാളികളേയും കൂട്ടി ട്രെയിനിൽ തമ്പാനൂരിലേക്ക്. സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസിലെത്തി. എന്തിനു വന്നെന്ന് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എസ്.കുമാരന്റെ ചോദ്യം.
മിനിമം കൂലിക്കായി സമരം ചെയ്യാനെന്ന് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ മറുപടി. ഇഎംഎസ് സർക്കാരിനെതിരെ സമരം ചെയ്താൽ പാർട്ടിയിൽ കാണില്ലെന്ന് താക്കീത്. തൊഴിലാളികളേയും കൂട്ടി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്ത ശേഷമേ ആനന്ദൻ ചിറയിൻകീഴിലേക്കു മടങ്ങിയൂള്ളൂ. നേതൃത്വം ക്ഷോഭിച്ചു. സമരം ചെയ്ത പാർട്ടിക്കാർക്കെതിരേ നടപടി വേണമെന്ന് മുറവിളി. ഭരണവും സമരവും ഒന്നിച്ചു കൊണ്ടു പോകണമെന്ന ചരിത്ര പ്രസിദ്ധ നിലപാടിലൂടെ ഇഎംഎസ് പ്രശ്നം പരിഹരിച്ചു. അങ്ങനെ ആനന്ദൻ പാർട്ടിയിൽ തുടർന്നു.
സിഎച്ച് കണാരൻ പറഞ്ഞ പ്രകാരം പ്രവർത്തന കേന്ദ്രം ആറ്റിങ്ങലിലേക്കു മാറ്റി. മോട്ടോർ തൊഴിലാളികളെ സംഘടിപ്പിച്ചു. പാർട്ടിയിൽ ഫുൾ ടൈമറായി. വാഴമുട്ടത്ത് അമ്മു എന്ന കയർ തൊഴിലാളിയെ പൊലീസ് കൊന്നതിനെതിരേ നടന്ന ഐതിഹാസിക സമരം. എകെജിയുടെ അനുഗ്രാശിസ്സുകളടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന പട്ടിണി മാർച്ച്.
എണ്ണമറ്റ സമര പോരാട്ടങ്ങൾ. തലയെടുപ്പുള്ള തൊഴിലാളി നേതാവായി വളരുകയായിരുന്നു ആനത്തലവട്ടത്തെ ആനന്ദൻ. അടിയന്തിരാവസ്ഥ കാലത്ത് ഒന്നര വർഷം ഒളിവു ജീവിതം. രണ്ടു മാസം ജയിലിൽ. ഏതാണ്ടെല്ലാ തൊഴിലാളി യൂണിയനുകളുടേയും തലപ്പത്തെത്തി ആനത്തലവട്ടം. കയർ തൊഴിലാളികൾക്കു വേണ്ടി ഇഎംഎസ് സർക്കാരിനെതിരേ ഉയർത്തിയ മുഷ്ടി, കെഎസ്ആർടിസി തൊഴിലാളികൾക്കു വേണ്ടി പിണറായി സർക്കാരിനെതിരേയും ആനന്ദൻ താഴ്ത്തിയില്ല.