എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായിരിക്കെ കണ്ണൂരില്‍ മത്സരിക്കാന്‍ വന്നപ്പോഴാണ് അബ്ദുള്ളക്കുട്ടി ‘അദ്ഭുതക്കുട്ടി’യായത്. 1999-ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ആറാം തുടര്‍ വിജയം പ്രതീക്ഷിച്ചിറങ്ങിയ മുല്ലപ്പള്ളിയെ 10000-ല്‍ പരം വോട്ടുകള്‍ക്കാണ് ഇടതു സ്ഥാനാര്‍ഥിയായ അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തിയത്. കന്നി അങ്കത്തില്‍ തന്നെ കണ്ണൂര്‍ കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്ത അബ്ദുള്ളക്കുട്ടിയാകട്ടെ ആ തെരഞ്ഞെടുപ്പില്‍ സി.പി.എം വിശേഷിപ്പച്ചതു പോലെ അത്ഭുതക്കുട്ടിയായി മാറുകയും ചെയ്തു. 2004 ലെ തെരഞ്ഞെടുപ്പിലും അബ്ദുളളക്കുട്ടിയെയാണ് കണ്ണൂരുകാര്‍ പാര്‍ലമെന്റിലേക്കയച്ചത്. അപ്പോഴും തുടര്‍ച്ചയായ രണ്ടാം തവണയും പരജായത്തിന്റെ കയ്പുനീര്‍കുടിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനും.
advertisement
2009 ല്‍ നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ പുകഴ്ത്തിയതോടെ അബ്ദുള്ളക്കുട്ടിയെന്ന അദ്ഭുതക്കുട്ടി സി.പി.എമ്മില്‍ നിന്നും പുറത്തായി. പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി നേരെ പോയത് കോണ്‍ഗ്രസിലേക്കും.
ലോക്‌സഭയിലേക്ക് സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ട ഒഴിവില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയില്‍ എത്തിയ അബ്ദുള്ളക്കുട്ടി 2011-ലെ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. 2016-ലെ തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എ.എന്‍ ഷംസീറിനോട് പരാജയപ്പെട്ടു.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയാണ് മോദിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി വീണ്ടും രംഗത്തെത്തിയത്. കോൺഗ്രസ് അച്ചടക്ക നടപടി തുടങ്ങിയതിനു പിന്നാലെ അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്ന് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി.
കേരളത്തിലെ നേതാക്കളെ പോലും തഴഞ്ഞാണ് ബി.ജെ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചതെന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട അബ്ദള്ളക്കുട്ടി ദേശീയ രാഷ്ട്രീയത്തിൽ മുതൽക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി ദേശീയ നേതൃത്വം.