പോപ്പുലര്‍ഫ്രണ്ട് ഭാരവാഹികളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികള്‍ റവന്യൂവകുപ്പ് ആരംഭിച്ചെങ്കിലും വീടുകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും. ജപ്തി നോട്ടീസ് നൽകിയിട്ടുള്ളവർക്ക് വീട് ഒഴിയാൻ സമയം അനുവദിച്ചിട്ടുണ്ട്. റവന്യൂ റിക്കവറി നിയമത്തിലെ 36 -) വകുപ്പ് പ്രകാരം നോട്ടീസ് നൽകി സ്വത്തുക്കൾ സർക്കാർ അധീനതയിലാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.
വീടിന്റെയും സ്ഥലത്തിന്റെയും വില നിർണയിച്ച ശേഷമാകും ലേല നടപടികളിലേക്ക് നീങ്ങുക. കുടിശ്ശിക തുക ഈടാക്കാനുള്ള വസ്തുക്കൾ മാത്രമേ ജപ്തി ചെയ്യുകയുള്ളൂ എന്നാണ് വിവരം. ജപ്തി ചെയ്ത സ്ഥാവര ജംഗമ വസ്തുക്കളുടെ പട്ടിക തയ്യാറാക്കി സ്ഥലത്ത് പതിക്കുകയും പകർപ്പ് കുടിശ്ശികക്കാരന് കൈമാറുകയും ചെയ്യും. ചില ജില്ലകളിലെ ഏതാനും കേന്ദ്രങ്ങളിൽ മാത്രമാണ് ഇനി നടപടികൾ ശേഷിക്കുന്നത്.ഏത് കേസിലും കോടതി നിർദേശത്തോടെയേ റവന്യൂ റിക്കവറി നടപ്പാക്കാനാകൂ എന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു.
advertisement
മലപ്പുറത്ത് 89 pfi കേന്ദ്രങ്ങളിൽ നടപടി ഉണ്ടായപ്പോൾ, കോഴിക്കോട് 23 കണ്ണൂർ 9, വയനാട് 14, തൃശ്ശൂർ 16, കോട്ടയത്തും തിരുവനന്തപുരത്തും 5 വീതം, ഇടുക്കി 6 പത്തനംതിട്ട 2, കൊല്ലത്ത് ഒന്ന് ഇങ്ങനെ പോകുന്നു നടപടികൾ നേരിട്ട പി.എഫ്.ഐ കേന്ദ്രങ്ങളുടെ കണക്ക്. ഏതാനും ജില്ലകളിൽ ജപ്തി ചെയ്ത സ്ഥാവര ജംഗമ വസ്തുക്കളുടെ വില നിർണയത്തിലേക്ക് റവന്യൂ വകുപ്പ് കടന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും സ്ഥലത്തിൻറെ വില റവന്യൂ വകുപ്പും ആകും കണക്കാക്കുക.നടപടികൾ വേഗത്തിൽ പൂർത്തിയാക്കി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ അന്ത്യശാസനം.