മാർച്ച് 31 മുതലാണ് ജയന്തി ജനത പൂനെയിൽനിന്ന് ഓടിത്തുടങ്ങുക. കന്യാകുമാരിയിൽനിന്ന് പൂനെയിലേക്കുള്ള ആദ്യ സർവീസ് ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. രാവിലെ 8.25ന് കന്യാകുമാരിയിൽനിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ രണ്ടാം ദിവസം രാത്രി 10.20ന് പൂനെയിൽ എത്തിച്ചേരും. പൂനെയിൽനിന്ന് രാത്രി 11.50ന് തിരിക്കുന്ന ട്രെയിൻ മൂന്നാം ദിവസം ഉച്ചയ്ക്ക് 12.30ഓടെ കന്യാകുമാരിയിൽ എത്തിച്ചേരും.
പൂനെയിലേക്കുള്ള ട്രെയിൻ രാവിലെ 10.15ന് തിരുവനന്തപുരത്തും 11.27ന് കൊല്ലത്തും ഉച്ചയ്ക്ക് 1.22ന് കോട്ടയത്തും വൈകിട്ട് മൂന്ന് മണിയോടെ എറണാകുളം നോർത്തിലും എത്തും. തൃശൂരിൽ വൈകിട്ട് 4.52നും പാലക്കാട്ട് 6.27നും ട്രെയിൻ എത്തിച്ചേരും.
advertisement
പൂനെയിൽനിന്നു കന്യാകുമാരിയിലേക്കുള്ള ട്രെയിൻ പുലർച്ചെ 1.15നാണ് കേരളത്തിലെ ആദ്യ സ്റ്റോപ്പായ പാലക്കാട്ട് എത്തുന്നത്. പുലർച്ചെ 2.32ന് തൃശൂരിലും അതിരാവിലെ 3.50ന് എറണാകുളം നോർത്തിലും ട്രെയിൻ എത്തും. കോട്ടയത്ത് 5.32നും കൊല്ലത്ത് 8.12നും എത്തുന്ന ജയന്തി ജനത 9.25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും.
Also Read- സംസ്ഥാനത്ത് ട്രെയിനുകളുടെ സമയ കൃത്യത കൂടി; റെയിൽവേയുടെ തട്ടിപ്പെന്ന് യാത്രക്കാർ
കോവിഡിന് മുമ്പ് വരെ തമിഴ്‌നാട്ടിലെ കന്യാകുമാരി മുതൽ മുംബൈ ഛത്രപതി ശിവാജി ടെർമിനസ് വരെ നിത്യേന ഓടിയിരുന്ന എക്സ്പ്രസ്സ് ട്രെയിനായിരുന്നു ജയന്തി ജനത എക്സ്പ്രസ്സ്. ഏറെ ജനപ്രിയമായിരുന്ന ജയന്തി ജനത എക്സ്പ്രസ് മലയാളികളുടെ മുംബൈ യാത്രയിൽ ഒരുകാലത്ത് ഒഴിച്ചുനിർത്താനാകാത്ത ഘടകമായിരുന്നു. മാസങ്ങൾക്ക് മുമ്പ് റിസർവ് ചെയ്താൽ മാത്രമെ ജയന്തി ജനതയിൽ യാത്ര ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. കേരളത്തിൽ പകൽ സമയത്ത് ഓടുന്ന ജയന്തി ജനത, ഓഫീസ് ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടുന്ന സീസൺ ടിക്കറ്റ് യാത്രികർക്കും ഏറെ പ്രിയപ്പെട്ട ട്രെയിനായിരുന്നു.
മുമ്പ് രാവിലെ 05.45നു കന്യാകുമാരിയിൽ നിന്ന് തിരിച്ച് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, പാലക്കാട്, തിരുപ്പതി, കല്യാൺ വഴി മൂന്നാം ദിവസം രാവിലെ 04.50നു മുംബൈയിൽ എത്തിച്ചേരുന്നതായിരുന്നു ജയന്തിജനതയുടെ സമയക്രമം. തിരികെ വൈകുന്നേരം 03.45നു പുറപ്പെടുന്ന വണ്ടി, മൂന്നാം ദിവസം ഉച്ചയ്ക്ക് 12.15നു കന്യാകുമാരിയിൽ എത്തിച്ചേരും. പിന്നീട് കന്യാകുമാരിയിൽ സൂര്യോദയവും സൂര്യാസ്തമനവും കാണാനെത്തുന്ന യാത്രക്കാരുടെ സൌകര്യാർഥമാണ് ജയന്തി ജനതയുടെ സമയക്രമത്തിൽ മാറ്റം വരുത്തിയത്.
