തിരുവനന്തപുരത്ത് നായ ബൈക്കിന് കുറുകെ ചാടി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാൽ, മൂവേരിക്കര ശോഭനയുടെ മകൻ അജിൻ ആണ് മരിച്ചത്. കോഴിക്കോടും കോതമംഗലത്തും കട്ടപ്പനയിലും തെരുവ് നായ ആക്രമണം ഉണ്ടായി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരുവിയോട് ജംഗ്ഷനിൽ വച്ച് അജിൻ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകേ നായ ചാടിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജിൻ കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അജിനോപ്പം ഉണ്ടായിരുന്ന സുഹൃത്ത് രാഹുലിനും പരിക്കേറ്റിരുന്നു.
advertisement
തിരുവനന്തപുരം സ്റ്റാച്യുവിൽ ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനെ തെരുവ്നായ കടിച്ചു പരിക്കേൽപിച്ചു. കാലിൽ ആഴത്തിൽ മുറിവേറ്റ ശ്രീനിവാസനെ ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Also Read- മലപ്പുറത്ത് നായ ചത്തുകിടന്ന വാർഡിനെ ചൊല്ലി തർക്കം; കുഴിച്ചിട്ടത് കളക്ടർ ഇടപെട്ടശേഷം
കട്ടപ്പന നിർമ്മലാസിറ്റിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധിക അടക്കം 2 പേരെ തെരുവ് നായ ആക്രമിച്ചു. പന്തലാട്ടിൽ ലളിതാ സോമന്റെ പരുക്ക് ഗുരുതരമാണ്. വ്യാപാര സ്ഥാപനം തുറക്കാനായി നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നെത്തിയ തെരുവ് നായ ലളിതയെ ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ ഇവരുടെ കൈപ്പത്തി നായ കടിച്ചു കീറി.നടുവിനേറ്റ കടിയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കോഴിക്കോട് കൊളത്തറയിൽ തെരുവ് നായ പിറകെ ഓടിയതിനെതുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ചുങ്കം സ്വദേശി ബാബുവിന് പരുക്കേറ്റു.
കോതമംഗലം വാരപെട്ടി പഞ്ചായത്തിലെ കക്കാട്ടൂരിൽ തെരുവ് നായകൾ കൂട്ടമായെത്തി മൂന്ന് ആടുകളെ കൊന്നു.
പ്ലാക്കോട്ട് ശിവ ശങ്കരന്റെ മേയാൻ വിട്ടിരുന്ന ആടുകളെയാണ് തെരുവുനായകൾ ആക്രമിച്ചത്.