സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എതിരല്ല. പക്ഷേ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് സഹിക്കാന്‍ സാധിക്കുന്നതല്ല. പോലീസും സര്‍ക്കാരും ഒരുപോലെ അവഗണനയാണ് കാണിക്കുന്നത്. അതേ സമയം തന്നെ എസ്ഡിപിഐക്കും തീവ്രവാദ ശക്തികള്‍ക്കും വേണ്ട എല്ലാ പരിഗണനയും നല്‍കുന്നുമുണ്ട്. സർവകക്ഷി യോഗം അഞ്ചു മണിയിലേക്ക് മാറ്റിയത് ഞങ്ങളോട് ആരും സംസാരിച്ചിട്ടില്ല. രഞ്ജിത്തിന്റെ മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്നോ ചടങ്ങുകള്‍ എപ്പോള്‍ കഴിയുമെന്നോ അറിയില്ല. അതുകൊണ്ട് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല' - ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷന്‍ പറഞ്ഞു.
advertisement
പോസ്റ്റുമോർട്ടം നടപടികൾ വൈകിയതിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയ്ക്ക് മുന്നിൽ ഇന്നലെ സ്ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ആർടിപിസിആർ പരിശോധന ഫലം കിട്ടാൻ വൈകിയതോടെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും വൈകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ ഇന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകാതിരിക്കാൻ ആസൂത്രിതമായ ഗൂഡാലോചന ഉണ്ടായെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. പോലീസുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ശവസംസ്കാരത്തിന്റെ സമയം തീരുമാനിച്ചത്. എന്നാൽ പോലീസ് മനപ്പൂർവ്വം ശവസംസ്കാര ചടങ്ങ് അനുവദിക്കാതിരിക്കാൻ പോസ്റ്റ്മോർട്ടം വൈകിപ്പിക്കുകയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ശരീരം അൽപം മുൻപ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിലാപ യാത്രയായി കൊണ്ടുപോകുന്ന മൃതദേഹം ആലപ്പുഴയിൽ പൊതു ദർശനത്തിന് വെക്കും. ഇതിന് ശേഷമായിരിക്കും ആറാട്ടുപുഴയിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകുക.