ഏലപ്പാറ മുതൽ ചപ്പാത്ത് വഴി കാഞ്ചിയാർ ടൗൺ വരെയുള്ള 22 കിലോമീറ്റർ ദൂരത്തിലാണ് 'ഹിൽ ഹൈവേ റൺ' സംഘടിപ്പിക്കുന്നത്. കിഫ്ബിയുടെ (KIIFB) നേതൃത്വത്തിൽ ഏകദേശം 134.4 കോടി രൂപ ചെലവഴിച്ച് അത്യാധുനിക എൻജിനീയറിങ് മികവോടെ ഇടുക്കിയിലെ മലയോര ഹൈവേ പണി പൂർത്തീകരിച്ചിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 1,332 കിലോമീറ്ററിലധികമാണ് മലയോര ഹൈവേയുടെ ആകെ ദൈർഘ്യം. അത്യന്തം ആധുനികവും അപൂർവ്വവുമായ FDR (Full Depth Reclamation) സാങ്കേതികവിദ്യ കിഫ്ബി മലയോര പാത നിർമ്മാണരീതിക്കായി ഉപയോഗിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായ ഈ നിർമ്മാണ രീതി പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതും റോഡിന് ദീർഘകാലം ഈട് നൽകുന്നതുമാണ്.
advertisement
കേരളത്തിലെ 13 ജില്ലകളെയും പശ്ചിമഘട്ടത്തിന്റെ അതിരുകളിലൂടെ ബന്ധിപ്പിക്കുന്ന ഈ പാതയിൽ വൈദ്യുതി, ഇന്റർനെറ്റ് കേബിളുകൾ എന്നിവയ്ക്കായി പ്രത്യേക യൂട്ടിലിറ്റി ഡക്റ്റുകളും മികച്ച ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്കായി ഓരോ 50 കിലോമീറ്ററിലും വിശ്രമകേന്ദ്രങ്ങളും മനോഹരമായ വ്യൂ പോയിന്റുകളും സജ്ജീകരിച്ചിട്ടുള്ള ഈ ഹൈവേ, 'സ്പൈസ് റൂട്ട്' (Spice Route) എന്ന നിലയിൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ്.
അറുപതാം വയസ്സിലും സ്പെയിനിൽ നടന്ന കഠിനമായ 'അയൺമാൻ ട്രയാത്‌ലൺ' പൂർത്തിയാക്കിയും, മുംബൈയിൽ നിന്ന് ഗോവ വരെ 558 കിലോമീറ്റർ സൈക്ലിംഗിലൂടെയും ഓട്ടത്തിലൂടെയും പിന്നിട്ട് ‘ദ ഫിറ്റ് ഇന്ത്യൻ റൺ’ വിജയകരമായി പൂർത്തീകരിച്ചും മിലിന്ദ് സോമൻ ലോകശ്രദ്ധ നേടിയിരുന്നു. മാധ്യമങ്ങൾ 'അയൺ മാൻ' എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹം, "Age is just a number" എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ബോളിവുഡിന്റെ ഫിറ്റ്‌നസ് അംബാസഡറാണ്.
"എന്നാൽ വാ..." എന്ന ആഹ്വാനവുമായി മിലിന്ദ് സോമൻ പങ്കുവെച്ച ഹിൽ ഹൈവേ റൺ പ്രഖ്യാപന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കിഫ്ബിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.kiifb.org വഴിയും കിഫ്ബിയുടെ വാട്ട്സാപ്പ് ബോട്ട് ( +91 9072000430 ) വഴിയും ‘ഹിൽ ഹൈവേ റണ്ണി’നായി രജിസ്റ്റർ ചെയ്യാം, മിലിന്ദിന്റെ ഒപ്പം ഓടാം.
