സ്ഥാനാർഥി നിർണയം കഴിഞ്ഞ തവണത്തേപ്പോലെ തർക്കത്തിൽ കുരുങ്ങിയാൽ, സീറ്റ് സിപിഎം ഏറ്റെടുക്കുമോയെന്ന ആശങ്കയും എൻസിപിക്കുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ബ്ലോക്ക് കമ്മിറ്റി യോഗം ചേർന്ന് മാണി സി കാപ്പനെ നിർദേശിച്ചത്. എന്നാൽ ബ്ലോക്ക് കമ്മിറ്റിതീരുമാനത്തെ കുറിച്ച് അറിയില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. പാർട്ടി നേതൃയോഗം ചേരുന്നതിന്റെ തലേദിവസം ജില്ലാ പ്രസിഡന്റ് ടി വി ബേബിയെ പുറത്താക്കിയതും ശ്രദ്ധേയമായി. വെള്ളൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെയുള്ള നടപടിയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ പാലായിലെ സീറ്റ് നിർണയത്തിൽ ചിലരുടെ താൽപര്യസംരക്ഷണാർത്ഥമാണ് ബേബിയെ ധൃതിപിടിച്ച് പുറത്താക്കിയതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. മാണി സി കാപ്പന്റെ സ്ഥാനാർഥിത്വത്തെ എതിർക്കുമെന്നും ഇവർ പറയുന്നു.
advertisement
വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ പാലാക്ക് പുറത്തുനിന്നുള്ളവരാണ് പങ്കെടുത്തതെന്നും മറുവിഭാഗം വാദിക്കുന്നു. ടി വി ബേബിയുടെ അഭാവത്തിൽ പ്രസിഡന്റിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റും അന്തരിച്ച നേതാവ് ഉഴവൂർ വിജയന്റെ ഭാര്യയുമായ ചന്ദ്രമണിയമ്മ ടീച്ചറിനെ കമ്മിറ്റിയുടെ കാര്യം അറിയിച്ചിട്ടില്ല. സംഘടനാ ചുമതലയുള്ള സലിം പി മാത്യു, നേതാക്കളായ സുൽഫിക്കർ മയൂരി, സാജു എം ഫിലിപ്പ് എന്നിവർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. പാർട്ടിയിൽ നേരത്തെ ആരോപണ വിധേയനായ സുൽഫിക്കർ മയൂരി യോഗത്തിൽ പങ്കെടുത്തതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
2006, 2011, 2016 വർഷങ്ങളിൽ കെ എം മാണിക്കെതിരെ മത്സരിച്ചെങ്കിലും മാണി സി കാപ്പൻ പരാജയപ്പെട്ടിരുന്നു. എന്നാൽ 2001ൽ കെ എം മാണിക്ക് 17,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്ത് 2006ൽ ഇത് 7753ലേക്ക് കുറക്കാൻ മാണി സി കാപ്പനായി. 2011ൽ ഇത് 5359 ഉം 2016ൽ ഇത് 4703 ഉം ആയി കുറക്കാൻ കഴിഞ്ഞതായി മാണി സി കാപ്പനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണ തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും ഇവർ പറയുന്നു. 2009ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്ന് മത്സരിച്ചെങ്കിലും ഒറ്റക്ക് മത്സരിച്ച എൻസിപി സ്ഥാനാർഥി മാണി സി കാപ്പനെ കാത്തിരുന്നത് വൻ പരാജയമായിരുന്നു. ഏഴ് നിയോജക മണ്ഡലങ്ങളിൽ നിന്ന് ആകെ 4445 വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.