കോഴ്‌സുകള്‍ ആരോഗ്യമേഖലയിലെ നവീന കോഴ്‌സുകള്‍
സമൂഹത്തിലെ എല്ലാാ വിഭാഗം ജനങ്ങളുമായി അടുത്തിടപഴകുകയും അവര്‍ക്ക് സാന്ത്വനം പകരുകയും ആശ്വാസം നല്‍കുകയും ചെയ്യേണ്ട ഒരു തൊഴില്‍ മേഖലയാണ് ആരോഗ്യരംഗം. അതുകൊണ്ടുചതന്നെ ഒരു ഡോക്ടര്‍ക്ക് സമൂഹത്തില്‍ ഏറെ സ്വീകാര്യതയും മാന്യതയും ലഭിച്ചുവരുന്നു. മെഡിക്കല്‍ പഠനത്തിനായി അവസരങ്ങള്‍ തേടുമ്പോള്‍ പ്രഥമ പരിഗണന എം.ബി.ബി.എസിനായിരിക്കും. അവരവരുടെ അഭിരുചിക്കനുസരിച്ച് ആയുര്‍വേദ, ഹോമിയോ രംഗത്ത് കരിയര്‍ കെട്ടിപ്പടുക്കാം. മെഡിക്കല്‍ വിദ്യാഭ്യാസം തെരഞ്ഞെടുക്കേണ്ടത് രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാകരുത്. ഡോക്ടറാകാന്‍ തയാറാകുന്നവരില്‍ അനിവാര്യമായ അഭിരുചി നിര്‍ണായകമാണ്.
advertisement
നീതി ആയോഗിന്റെ കണക്കുപ്രകാരം 6 ലക്ഷം ഡോക്ടര്‍മാരെയും 10 ലക്ഷം നഴ്‌സുമാരെയും 2 ലക്ഷം ഡെന്റിസ്റ്റുകളെയും രാജ്യത്തിന് ആവശ്യമുണ്ട്. ഇതു പരിഹരിക്കുന്നതിനാവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ഇപ്പോള്‍ നിലവിലില്ല.
ഡെന്റല്‍ മെക്കാനിക് ആന്‍ഡ് ഡെന്റല്‍ ഹൈജീനിസ്റ്റ്
ദന്തരോഗങ്ങള്‍ കണ്ടൈത്താനും മറ്റും ഡെന്റിസ്റ്റിനെ സഹായിക്കുന്നവരാണ് ഡെന്റല്‍ മെക്കാനിക്ക്. പല്ലുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട ഡെന്റല്‍ സെറാമിക്‌സ് ഉണ്ടാക്കുന്നതിലും ക്ലിനിക്കില്‍ കൂടുതല്‍ ദന്തചികിത്സാ സൗകര്യം ഒരുക്കുന്നതിലും ഡെന്റല്‍ മെക്കാനിക്കിന്റെ സേവനം ആവശ്യമാണ്. ആശുത്രികള്‍, നഴ്‌സിംഗ് ഹോം, ക്ലിനിക്, ഡെന്റല്‍ സെറാമിക് ഏജന്‍സികള്‍, പൊതുജനാരോഗ്യ മേഖല, സായുധസേനകള്‍ എന്നീ മേഖലകളില്‍ ധാരാളം അവസരങ്ങളുണ്ട്. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് പ്രവേശനം നേടാന്‍ പ്ലസ്ടു സയന്‍സില്‍ 50% മാര്‍ക്കുണ്ടാകണം.
ദന്താശുപത്രികളിലും ക്ലിനിക്കുകളിലും ഇന്ന് ഏറെ ഒഴിവുകളുള്ള ഒരു പോസ്റ്റ് ആണ് ഡെന്റല്‍ ഹൈജീനിസ്റ്റ്.
ദന്ത ഡോക്ടറെ സഹായിക്കുക, ദന്ത ചികിത്സാവേളയില്‍ സാങ്കേതിക സഹായം ലഭ്യമാക്കുക, കൃത്രിമ പല്ലുകള്‍ നിര്‍മ്മിക്കുക, പല്ലുകളുടെ എക്‌സ്‌റേ എടുക്കുക, മാക്‌സിലോ ഫേഷല്‍ സര്‍ജറിയില്‍ ഡോക്ടറെ സഹായിക്കുക എന്നീ ദൗത്യങ്ങളാണ് ഡെന്റല്‍ ഹൈജീനിസ്റ്റിന്റേത്. രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് ഓഗസ്റ്റ് സെപ്തംബര്‍ മാസത്തില്‍ അപേക്ഷ ക്ഷണിക്കും. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് വിഷയങ്ങളില്‍ പ്ലസ്ടുവിന് 50% ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക് മതി. കേരളത്തില്‍ തിരുവനന്തപുരം ഡെന്റല്‍ കോളജില്‍ ഈ കോഴ്‌സുണ്ട്.
ഡെന്റല്‍ മെക്കാനിക്, ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സുകളുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ (ബ്രാക്കറ്റില്‍ ആകെ സീറ്റുകള്‍).
ഡെന്റല്‍ മെക്കാനിക്
Dental Wing. Government Medical College, Thiruvananthapuram - 635001. Ph. 0471-444092 (5 Seats)
Dental College, Government Medical College, Kozhikode - 673008, Ph. 0462 2356781 (10 Seats)
ഡെന്റല്‍ ഹൈജീനിസ്റ്റ്
Dental Wing, Government Medical College, Thiruvananthapuram - 635001. Ph. 0471-444092 (10 Seats)
ഡെന്റല്‍ അസിസ്റ്റന്റ് ഡന്റല്‍ ഹൈജീനിലുള്ള ഡിപ്ലോമയും സംസ്ഥാനതല രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുണ്ടാകും. വിലാസം: Christian Medical College, Thorapudi P.O. Vellore, Tamil Nadu - 632 002. Phone: 0416-2284255
പെര്‍ഫ്യൂഷന്‍ ടെക്‌നോളജി
ഹൃദയം - ശ്വാസകോശം സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സാണ് പെര്‍ഫ്യൂഷന്‍ ടെക്‌നോളജി. ഇത്തരം അസുഖങ്ങളുമായി ബന്ധപ്പെട്ട യന്ത്രങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് പെര്‍ഫ്യൂഷന്‍ ടെക്‌നോളജിസ്റ്റുകളാണ്. ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളിലും കാര്‍ഡിയാക് യൂണിറ്റുകളിലുമാണ് പെര്‍ഫ്യൂഷന്‍ ടെക്‌നോളജിസ്റ്റുകള്‍ക്ക് ജോലി സാധ്യതയുള്ളത്. തുറന്ന ഹൃദയ ശസ്ത്രക്രിയ നടക്കുമ്പോള്‍ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി രക്തം പമ്പ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പെര്‍ഫ്യൂഷന്‍ ടെക്‌നോളജിസ്റ്റുകളാണ്.
മംഗലാപുരം ഫാ. മുള്ളേഴ്‌സ് മെഡിക്കല്‍ കോളജ്, ബല്‍ഗാം ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ കോളജ്, ബാംഗ്ലൂര്‍ നാരായണ ഹൃദയാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് എന്നിവയാണ് ബി.എസ്‌സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി കോഴ്‌സ് നടത്തുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങള്‍. പ്ലസ് ടു സയന്‍സില്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) 50% മാര്‍ക്കോടെ വിജയിച്ചവര്‍ക്കാണ് പ്രവേശനം. കേരളത്തില്‍ തിരുവനന്തപുരം ശ്രീചിത്തിര ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള പി. ജി. ഡിപ്ലോമ കോഴ്‌സും കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പി.ജി. കോഴ്‌സും നടത്തുന്നുണ്ട്.
ശ്രീ ചിത്തിരയിലെ പി.ജി. ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടൊപ്പം ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സോ അല്ലെങ്കില്‍ നഴ്‌സിംഗിങ് ബിരുദമോ ആണ് പ്രവേശന യോഗ്യത. അമൃതയിലെ എം.എസ്‌സി. കോഴ്‌സിന് ബി.എസ്‌സി. ബിരുദമാണ് യോഗ്യത.
ഡയാലിസിസ് ടെക്‌നോളജി
വൃക്ക സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് ചെയ്യുന്ന രക്തശുദ്ധീകരണ പ്രക്രിയയാണ് ഡയാലിസിസ്. ഡയാലിസിസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെ സംബന്ധിച്ചും ഡയാലിസിസ് ചെയ്യുന്ന രീതിയെ സംബന്ധിച്ചുമുള്ള പഠനമാണ് ഡയാലിസിസ് ടെക്‌നോളജി. ഡോക്ടറുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന ഡയാലിസിസിന് നേതൃത്വം നല്‍കുന്നത് ഡയാലിസിസ് ടെക്‌നോളജിസ്റ്റുകളാണ്. ഡയാലിസിസിലും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലും രോഗികളുടെ ശുശ്രൂഷയും ശസ്ത്രക്രിയ ഉപകരണങ്ങളുടെ കൈകാര്യവും ഡയാലിസിസ് ടെക്‌നോളജിസ്റ്റുകളുടെ ചുമതലയാണ്. ഈ വിഭാഗത്തില്‍ ഡിപ്ലോമ, പി. ജി., പി. ജി. ഡിപ്ലോമ കോഴ്‌സുകളാണ് കേരളത്തില്‍ നിലവിലുള്ളത്.
ഡിപ്ലോമ കോഴ്‌സുകള്‍ രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. ആദ്യ വര്‍ഷത്തില്‍ സിലബസ് അനുസരിച്ചുള്ള പഠനവും തുടര്‍ന്ന് പരീക്ഷയ്ക്ക് ശേഷം രണ്ടാം വര്‍ഷത്തില്‍ ഇന്റേണ്‍ഷിപ്പും ഉണ്ടാാകും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് ഈ കോഴ്‌സുകള്‍ സര്‍ക്കാര്‍ തലത്തിലുള്ളത്. ചില സ്വാശ്രയ സ്ഥാപനങ്ങളും ഈ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.
ഒരു വര്‍ഷത്തെ തിയറി ക്ലാസുകളും ഒരു വര്‍ഷത്തെ നിര്‍ബന്ധ ഇന്റേണ്‍ഷിപ്പും അടങ്ങിയ പി.ജി. ഡിപ്ലോമ ഇന്‍ ഡയാലിസിസ് തെറാപ്പി കോഴ്‌സ് വെല്ലൂരിലെ ക്രിസ്ത്യന്‍ അഞ്ച് പേര്‍ക്കുമാണ് പ്രവേശനം. ശാസ്ത്ര വിഷയങ്ങളില്‍ 50%ത്തില്‍ കൂടുതല്‍ മാര്‍ക്കോടെ ബിരുദം കരസ്ഥമാക്കിയവര്‍ക്കും ബി. എസ്‌സി. നഴ്‌സിംഗ് പാസായവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്.
ഹൈദരാബാദ് നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പി. ജി. ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ ട്രെയിനിംഗ് കോഴ്‌സ് നടത്തുന്നുണ്ട്. രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് സയന്‍സ് വിഷയങ്ങളിലുള്ള ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷയിലൂടെ ഓരോ വര്‍ഷവും 3 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം.
കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എം.എസ്‌സി. ഡയാലിസിസ് തെറാപ്പി കോഴ്‌സ് നടത്തുന്നുണ്ട്. മൂന്ന് വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. വൈദ്യശാസ്ത്ര സംബന്ധമായ വിഷയങ്ങളിലോ നഴ്‌സിംഗിലോ ബിരുദം നേടിയവര്‍ക്കാണ് പ്രവേശനം.
ഹെല്‍ത്ത് കെയര്‍ വേസ്റ്റ് മാനേജ്‌മെന്റ്
ആശുപത്രി മാലിന്യങ്ങളുടെ തോത് കുറയ്ക്കുകയെന്ന ആവശ്യം പ്രായോഗികമല്ലാത്തപ്പോള്‍ പിന്നെ അത് എങ്ങനെ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ നവീന സാങ്കേതികത്വം ഉപയോഗിച്ച് സംസ്‌ക്കരിക്കാമെന്നതായി ശാസ്ത്രലോകത്തിന്റെ ചിന്ത. ഈ ആശയത്തില്‍നിന്നാണ് ഹെല്‍ത്ത് കെയര്‍ വേസ്റ്റ് മാനേജ്‌മെന്റ് പിറവിയെടുത്തത്. ആശുപത്രി മാലിന്യങ്ങളെ സുരക്ഷിതമായി എങ്ങനെ ശേഖരിക്കാമെന്നും ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക് എങ്ങനെ കൊണ്ടുപോകാമെന്നും ജനോപകാരപ്രദമായി എങ്ങനെ നിര്‍മാര്‍ജനം ചെയ്യാമെന്നും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന വിഷയമാണ് ഹെല്‍ത്ത് കെയര്‍ വേസ്റ്റ് മാനേജ്‌മെന്റ്.
ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും ലോകാരോഗ്യസംഘടനയും സംയുക്തമായി ഹെല്‍ത്ത് കെയര്‍ വേസ്റ്റ് മാനേജ്‌മെന്റ് വിഷയത്തില്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. ഓരോ സ്റ്റഡി സെന്ററിലും മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് വീതം അഡ്മിഷന്‍ നല്‍കുന്നു.
ആറുമാസം കാലാവധിയുള്ള ഈ കോഴ്‌സ് രണ്ടുകൊല്ലത്തിനുള്ളില്‍ പാസാകേണ്ടതുണ്ട്. ഇംഗ്ലണ്ടിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റി, അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, എന്നിവടങ്ങളില്‍ സമാനവിഷയങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.
