സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരേയും വിമർശനം ഉയർന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തൽ ശക്തിയായി പ്രവര്‍ത്തിക്കാൻ കാനം രാജേന്ദ്രന് കഴിയുന്നില്ല. ആനി രാജയ്ക്കെതിരെ എംഎം മണിയുടെ പരാമര്‍ശമുണ്ടായപ്പോൾ കാനം തിരുത്തൽ ശക്തിയായില്ല. പൊലീസിൽ ആര്‍എസ്എസ് കടന്ന് കയറ്റത്തെ കുറിച്ച് പറഞ്ഞ ആനി രാജയെ ഒറ്റപ്പെടുത്തി. ഒടുവിൽ സിപിഎമ്മിന് പോലും അത് സമ്മതിക്കേണ്ടി വന്നു. സിൽവര്‍ ലൈൻ അടക്കം ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളിൽ പോലും പാര്‍ട്ടി നിലപാടെടുക്കുന്നില്ല. എഐഎസ്എഫുകാർ തല്ലു കൊള്ളുമ്പോഴെങ്കിലും കാനം വായ തുറക്കണമെന്നും ഒരു പ്രതിനിധി പരിഹസിച്ചു.
advertisement
സി പി ഐ മന്ത്രിമാർക്കെതിരേയും രൂക്ഷ വിമർശനം ഉണ്ടായി. കൃഷി വകുപ്പിലടക്കം മന്ത്രിമാരുടെ പ്രവര്‍ത്തനം ദയനീയമാണ്. വിലക്കയറ്റം രൂക്ഷമാകുമ്പോൾ കൃഷി വകുപ്പ് നോക്കുകുത്തിയാണ്. ഹോര്‍ട്ടി കോര്‍പ്പ് ഔട്ട്ലറ്റുകൾ കൂട്ടത്തോടെ പൂട്ടിപ്പോകുന്ന സ്ഥിതിയാണെന്നും പ്രതിനിധികൾ വിമർശിച്ചു.
സി പി എമ്മിനെയും സി പി എം നേതാക്കളെയും പ്രതിനിധികൾ വെറുതേ വിട്ടില്ല. സർക്കാരിൽ സി പി ഐയുടെ വകുപ്പുകൾ സി പി എം ഹൈജാക്ക് ചെയ്യുകയാണ്. ഇ പി ജയരാജനും എം എം മണിയും എ വിജയരാഘവനും രാഷ്ട്രീയ അന്ധത ബാധിച്ച നേതാക്കളാണ്. ഇപി ജയരാജനെ നിലക്ക് നിര്‍ത്താൻ സിപിഐ നേതൃത്വം ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നു. 365 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം നാളെ സമാപിക്കും.