കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിന് ഇന്നലെ രാത്രിയാണ് പൊലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ച് പ്രതി കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവർത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. മുൻപും പല വേദികളിലും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ മൈക്ക് തകരാറായിട്ടുണ്ടെങ്കിലും പൊതുസുരക്ഷയെ ബാധിക്കുന്ന സംഭവമായി ചിത്രീകരിച്ചു കേസെടുത്തിട്ടില്ല.
advertisement
Also Read- ‘മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് ആസൂത്രിതം’; മൈക്കിന്റെ കേബിൾ ചവിട്ടിമുറുക്കിയെന്ന് പൊലീസ്
അയ്യങ്കാളി ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് മൈക്ക് തടസ്സമുണ്ടായത്. സംഭവത്തിൽ കേസെടുത്ത പൊലീസ് മൈക്ക്, ആംപ്ലിഫയർ, കേബിൾ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു.
