മുസ്ലിം ലീഗ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ സാധാരണഗതിയിൽ സര്‍ക്കാര്‍ അനുകൂല ലേഖനങ്ങള്‍ ചന്ദ്രികയില്‍ പ്രസിദ്ധികരിക്കുന്ന പതിവില്ല. ഇതോടെ പ്രതിപക്ഷം പൂര്‍ണമായും ബഹിഷ്കരിക്കുന്ന നവകേരളസദസിനെ അനുകൂലിക്കുന്ന ലേഖനം ലീഗ് മുഖപത്രത്തില്‍ പ്രസിദ്ധികരിച്ചിരിക്കുന്നത് വിവാദങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ചന്ദ്രികയില്‍ മുഖ്യമന്ത്രിയുടെ ലേഖനമെന്നാണ് വിലയിരുത്തല്‍.
‘സമസ്ത’ മുഖപത്രം സുപ്രഭാതത്തിലും മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധികരിച്ചിട്ടുണ്ട്. അതേസമയം, വീക്ഷണത്തില്‍ വരെ ഇന്ന് ഒരു പേജ് സര്‍ക്കാര്‍ പരസ്യം വന്നിട്ടുണ്ടെന്നും പത്രധര്‍മവും രാഷ്ട്രീയവും കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
advertisement
ഇതിനിടെ, സമസ്ത മുഖപത്രമായ സുപ്രഭാതം നവ കേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ”ഈ സദസ് ആരെ കബളിപ്പിക്കാന്‍” എന്ന പേരിലുള്ള പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. നിയോജക മണ്ഡലങ്ങള്‍ ചുറ്റി പരാതി കേള്‍ക്കാന്‍ ഇറങ്ങുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ലക്ഷ്യമിടുന്നത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നാണ് സുപ്രഭാതത്തിന്റെ നിലപാട്. നിത്യ ചെലവിന് പണമില്ലാതെ സംസ്ഥാനം കുഴങ്ങുമ്പോള്‍ നൂറ് കോടിയോളം രൂപ ചെലവിട്ട് നവ കേരള സദസ് സംഘടിപ്പിക്കുന്നു. നവ കേരള സദസിന്റെ ചെലവിലേക്ക് സ്‌പോണ്‍സര്‍ ഷിപ്പിലൂടെ പണം കണ്ടെത്താനുള്ള നിര്‍ദേശം ചങ്ങാത്ത മുതലാളിത്തമല്ലേ എന്ന സംശയം സര്‍ക്കാരിലെ രണ്ടാം കക്ഷിയായ സിപിഐക്ക് പോലുമുണ്ടെന്നും സുപ്രഭാതം കുറ്റപ്പെടുത്തുന്നു.
ഏകീകൃത സിവില്‍ കോഡ്, പലസ്തീന്‍ വിഷയങ്ങളില്‍ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടികളില്‍ സജീവമായി പങ്കെടുത്തു വന്നിരുന്ന സമസ്ത ഇ കെ വിഭാഗമാണ് നവ കേരള സദസ് വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.